22 November Thursday

റിലയൻസിനായി മോഡിയുടെ മറിമായം; 2015ൽ പങ്കാളിയാക്കിയത‌് 2016ലെ ചട്ടപ്രകാരം

സ്വന്തം ലേഖകൻUpdated: Sunday Sep 30, 2018

ന്യൂഡൽഹി > റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചറിനെ 2015ൽ റഫേൽ കരാറിന്റെ ഭാഗമായ പുനർനിക്ഷേപ പദ്ധതിയിൽ പങ്കാളിയാക്കിയത‌് 2016ൽ നിലവിൽവന്ന പ്രതിരോധ സംഭരണനടപടിക്രമചട്ടത്തിന്റെ പേരിൽ. വൻകിട പ്രതിരോധകരാറുകൾ നേടുന്ന വിദേശകമ്പനികൾ ഇന്ത്യയിൽ പുനർനിക്ഷേപം നടത്തണമെന്ന നയത്തിന്റെ മറവിലാണ‌് ഈ മറിമായം നടന്നത‌്. ഇന്ത്യയുടെ നിർദേശപ്രകാരമാണ‌് റഫേൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയതെന്ന മുൻ ഫ്രഞ്ച്‌ പ്രസിഡന്റ‌് ഫ്രാൻസ്വാ ഓളന്ദിന്റെ വെളിപ്പെടുത്തലിനോട‌് പ്രതികരിക്കവെ 2016ലെ പ്രതിരോധസംഭരണ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ‌് റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചറുമായി കരാർ ഒപ്പിട്ടതെന്ന‌് റഫേൽ നിർമാതാക്കളായ ദസ്സാൾട്ട‌് വിശദീകരിച്ചിരുന്നു.

പ്രതിരോധസംഭരണ നടപടിക്രമചട്ടം(ഡിപിപി) നിലവിൽവന്നത‌് 2016 ഏപ്രിൽ ഒന്നിനാണ‌്. എന്നാൽ, ദസ്സാൾട്ട‌് ഏവിയേഷന്റെയും റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചറിന്റെയും സംയുക്തസംരംഭമായ ദസ്സാൾട്ട‌് റിലയൻസ‌് എയ‌്റോസ‌്പെയ‌്സ‌് ലിമിറ്റഡിനു രൂപം നൽകിയത‌് 2015 ഏപ്രിലിൽ. ദസ്സാൾട്ട‌് ഏവിയേഷൻ 2018 ഏപ്രിൽ 23ന‌് പ്രസിദ്ധീകരണത്തിനു നൽകിയ പത്രക്കുറിപ്പിൽ ഇക്കാര്യം സമ്മതിക്കുന്നു. കോർപറേറ്റ‌്കാര്യ മന്ത്രാലയത്തിന്റെ വെബ‌്സൈറ്റ‌് പ്രകാരം  റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ രജിസ‌്റ്റർ ചെയ‌്തത‌് 2015 ഏപ്രിൽ 24നാണ‌്. 

സംയുക്തസംരംഭം രൂപീകരിക്കാൻ തിരക്കിട്ട‌് റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ രജിസ‌്റ്റർ ചെയ്യുകയായിരുന്നുവെന്നും വ്യക്തം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫേൽകരാർ പാരിസിൽ പ്രഖ്യാപിച്ച‌് 14 ദിവസത്തിനുള്ളിലാണ‌് അനിൽ അംബാനിയുടെ റിലയൻസ‌് ഡിഫൻസിന്റെ അനുബന്ധകമ്പനിയായി റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ രജിസ‌്റ്റർ ചെയ‌്തത‌്. റിലയൻസ‌് ഡിഫൻസിനു രൂപം നൽകിയത‌് 2015 മാർച്ച‌് 28നാണ‌്. മോഡി പാരിസിലേക്ക‌് പോകുന്നതിനു 12  ദിവസം മുമ്പ‌്.  റിലയൻസ‌് ഡിഫൻസ‌്, റിലയൻസ‌് എയ‌്റോസ‌്ട്രക‌്ചർ എന്നിവ രൂപീകരിക്കുമ്പോൾ നിലവിലുണ്ടായിരുന്നത‌് 2013ലെ പ്രതിരോധസംഭരണ ചട്ടമാണ‌്. 2015 ഏപ്രിലിൽ ദസ്സാൾട്ട‌് റിലയൻസ‌് എയ‌്റോസ‌്പെയ‌്സ‌് ലിമിറ്റഡ‌് കടലാസ‌് കമ്പനിയുമായിരുന്നു.

പങ്കാളിയായി ആരെയും തെരഞ്ഞെടുക്കാൻ ദസ്സാൾട്ടിനു അവകാശമുണ്ടായിരുന്നു എന്നാണ‌് മോഡിസർക്കാർ വാദിക്കുന്ന‌ത‌്. സർക്കാരുകൾ തമ്മിലാണ‌് ചർച്ച നടത്തിയതെന്ന‌് 2015 ഏപ്രിൽ 10ന‌് മോഡി പാരിസിൽ അവകാശപ്പെട്ടിരുന്നു. റഫേൽ ഇടപാടിൽ പങ്കാളിയായി ദസ്സാൾട്ട‌് ഒരു കമ്പനിയെയും നിശ്ചയിച്ചിട്ടില്ലെന്നുകൂടി 2018 ഫെബ്രുവരി ഏഴിനു പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കരാർവ്യവസ്ഥകൾ നടപ്പാക്കുന്നതിന‌് ഒരുവർഷംമുമ്പ‌് വിദേശകമ്പനി ആഭ്യന്തരപങ്കാളിയെ അറിയിച്ചാൽ മതിയെന്നാണ‌് വ്യവസ്ഥയെന്നും മന്ത്രാലയം വിശദീകരിച്ചു. 

എന്നാൽ, സംയുക്തസംരംഭം രൂപീകരിക്കുമ്പോൾ 2013ലെ സംഭരണചട്ടങ്ങളാണ‌് നിലനിന്നിരുന്നത‌്. ഇതനുസരിച്ച‌് സർക്കാരിനെ എല്ലാവിവരവും അറിയിക്കണമായിരുന്നു. 2015 ആഗസ‌്ത‌ിൽ  റിലയൻസിനെ സഹായിക്കാൻ ചട്ടങ്ങളിൽ ഇളവ‌് വരുത്തി. ആഭ്യന്തരപങ്കാളിയെക്കുറിച്ച‌് പിന്നീട‌് അറിയിച്ചാൽ മതിയെന്ന‌് വരുത്തി. ഇങ്ങനെ കേന്ദ്രസർക്കാർ എല്ലാ ഒത്താശയും ചെയ‌്താണ‌് 59,000 കോടി രൂപയുടെ പ്രതിരോധഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top