21 November Wednesday

റഫേൽ: രാജ്യതാൽപ്പര്യം ബലികഴിച്ച ഇടപാട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

ന്യൂഡൽഹി > റഫേൽ യുദ്ധവിമാന ഇടപാടിൽ രാജ്യതാൽപ്പര്യങ്ങൾ പൂർണമായും ബലികഴിച്ചുവെന്ന‌് പ്രതിരോധമേഖലാ വിദഗ‌്ധൻ ഡി രഘുനന്ദൻ. ഹിന്ദുസ്ഥാൻ എയ‌്‌റോനോട്ടിക‌്സ‌് ലിമിറ്റഡിനെ (എച്ച‌്എഎൽ)കരാറിൽ പങ്കാളിയാക്കാൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കാതിരുന്നത‌് സംശയകരമാണ‌്. ഇത‌് കേവലം വാണിജ്യകരാറല്ല. രാജ്യത്തിന്റെ താൽപ്പര്യം സംരക്ഷിക്കാൻ സാങ്കേതികവിദ്യയുടെ കൈമാറ്റം സർക്കാർ ഉറപ്പാക്കേണ്ടിയിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള എച്ച‌്എഎല്ലിന്റെ കാര്യക്ഷമതയെ പ്രതിരോധമന്ത്രി തള്ളിപ്പറഞ്ഞത‌് ദൗർഭാഗ്യകരമാണ‌്. ദസ്സാൾട്ടാണ‌് റിലയൻസ‌് ഡിഫൻസിനെ തെരഞ്ഞെടുത്തതെന്ന വാദം പ്രതിരോധനിർമാണ മേഖലയെക്കുറിച്ച‌് അറിയാവുന്ന ആരും വിശ്വസിക്കില്ല. നിർമിതോൽപ്പന്ന മേഖലയിൽപോലും അനുഭവസമ്പത്തില്ലാത്ത റിലയൻസ‌് ഡിഫൻസിനെ ദസ്സാൾട്ട‌് സ്വമേധയാ പങ്കാളിയാക്കില്ല. ഇത്രയും വലിയ കരാറിൽ കേന്ദ്രസർക്കാർ അവരുടെ പങ്ക‌് വഹിച്ചില്ലെന്ന വാദവും വിശ്വസിക്കാൻ കഴിയില്ല. കരാർ ഉറപ്പിക്കുന്നതിൽ പ്രധാന പങ്ക‌ുവഹിച്ച മുൻ ഫ്രഞ്ച‌് പ്രസിഡന്റ‌് ഫ്രാൻസ്വാ ഓളന്ദിന്റെ വെളിപ്പെടുത്തൽ വിശ്വസിക്കേണ്ടിവരും.

ദസ്സാൾട്ടിനു കരാർ കിട്ടാൻ അവർ ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ ആവശ്യം അംഗീകരിച്ചതാകണം. ഓളന്ദിനെ നിശബ്ദനാക്കാൻ നടത്തിയ  ശ്രമം തിരിച്ചടിച്ചു. ഓളന്ദിന്റെ ജീവിതപങ്കാളിക്ക‌് സിനിമയെടുക്കാൻ പണം നൽകിയതാണ‌് റിലയൻസിനു കരാർ ലഭിക്കാൻ കാരണമായതെന്ന‌് വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതു പറഞ്ഞാൽ ഓളന്ദ‌് സത്യം വെളിപ്പെടുത്തുന്നതിൽനിന്ന‌് പിന്മാറുമെന്ന‌് ചിലർ കരുതി. എന്നാൽ, അദ്ദേഹം മുന്നോട്ടുപോയത‌് മോഡിസർക്കാരിനുമേൽ പതിച്ച ബോംബായി.

എച്ച‌്എഎല്ലിന്റെ പ്രവർത്തനമികവ‌് തെളിയിക്കപ്പെട്ടതാണ‌്. റഫേൽ വിമാനങ്ങൾ നിർമിക്കാൻ കഴിയുമെന്ന‌് എച്ച‌്എഎൽ ഉറപ്പുനൽകിയിരുന്നു. എച്ച‌്എഎൽ നിർമിക്കുന്ന വിമാനങ്ങളുടെ കാര്യക്ഷമതയിൽ ഉറപ്പ‌ുനൽകാൻ കഴിയില്ലെന്ന‌് ദസ്സാൾട്ട‌് പറഞ്ഞിരുന്നെങ്കിലും എച്ച‌്എഎൽ ഈ വാദം ഖണ്ഡിച്ചു. നിർമാണവേഗതയായിരുന്നു മറ്റൊരു വിഷയം. എച്ച‌്എഎല്ലിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ മൂലധന നിക്ഷേപം നടത്തിയാൽ ഈ വിഷയവും പരിഹരിക്കാൻ കഴിയുമായിരുന്നു.

ഇതിനു തയ്യാറാകാതെ റിലയൻസിന‌് കരാർ ലഭിക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിന്നു. പ്രതിരോധമേഖലയിൽ സ്വാശ്രയത്വം നേടാൻ സർക്കാർ ശ്രമിക്കുന്നില്ല. ഇതാണ‌് മെയ‌്ഡ‌് ഇൻ ഇന്ത്യയും മേക്ക‌് ഇൻ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം. സാങ്കേതികവിദ്യ കൈമാറ്റത്തോടെ ഇന്ത്യയിൽവച്ച‌് നിർമിക്കുന്നതാണ‌് മെയ‌്ഡ‌് ഇൻ ഇന്ത്യ. ഇന്ത്യയിലെ ഫാക്ടറികളെ വെറും നിർമാണകേന്ദ്രങ്ങളാക്കി മാറ്റുന്നതാണ‌് മേക്ക‌് ഇൻ ഇന്ത്യയെന്നും ന്യൂസ‌് ക്ലിക്കിന‌് നൽകിയ അഭിമുഖത്തിൽ  ഡി രഘുനന്ദൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top