15 November Thursday

റാഫേൽ ഇടപാട‌്: ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിക്ക്‌ റിലയൻസ് പണം നൽകി

സ്വന്തം ലേഖകൻUpdated: Saturday Sep 1, 2018

ന്യൂഡൽഹി > റാഫേൽ യുദ്ധവിമാന കരാർ ഒപ്പിടുന്നതിന‌് തൊട്ടുമുമ്പ‌് അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ‌്ൻമെന്റ്  ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ ഓളന്ദിന്റെ ജീവിതപങ്കാളി ജൂലി ഗെയതിനെ ചലച്ചിത്രനിർമാണത്തിന‌് സാമ്പത്തികമായി സഹായിച്ചു. 2016 റിപ്പബ്ലിക‌് ദിനത്തിൽ ഓളന്ദായിരുന്നു മുഖ്യാതിഥി. അതിന‌് രണ്ടുദിവസംമുമ്പാണ് റിലയൻസ് എന്റർടെയ്ൻമെന്റ് സിനിമയെടുക്കാൻ ഗെയതുമായി  ധാരണയിലെത്തിയത്. അതേ വർഷം അവസാനത്തോടെ റിലയൻസ് ഡിഫൻസിന‌് 51 ശതമാനം ഓഹരിപങ്കാളിത്തമുള്ള ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡിന‌് 59,000 കോടി രൂപയുടെ റാഫേൽ കരാർ ലഭിക്കുകയും ചെയ‌്തു. റാഫേൽ  ഇടപാടിൽ കോടികണക്കിന‌് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ‌് പുതിയവെളിപ്പെടുത്തൽ. ഇത‌് കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി.

റിലയൻസിന്റെ സ്വാധീനവും ഇടപെടലും വ്യക്തമാക്കുന്നതാണ് റാഫേൽ കരാറിലെ ഓരോ നടപടിയും. പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015 ഏപ്രിൽ 10ന‌് പാരീസ് സന്ദർശനത്തിനിടെയാണ് റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ “സാമ്പത്തിക വിഷയങ്ങളുടെ’ പേരിൽ അന്തിമകരാർ ഒപ്പിടുന്നത് നീണ്ടുപോയി.  അനിൽ അംബാനി 2016 ജനുവരി 24ന‌് ഗെയതിന്റെ ചിത്രത്തിനായി പണംമുടക്കുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ജനുവരി 26ന‌് മോഡിയും ഓളന്ദും ഡൽഹിയിൽ റാഫേൽ ധാരണപത്രം ഒപ്പിട്ടു. സെപ്തംബർ 23ന‌് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിരോധമന്ത്രിമാർ കരാർ ഉറപ്പിച്ചു. പ്രാഥമികധാരണയിൽ പറഞ്ഞതിന്റെ മൂന്നിരട്ടി വില നൽകിയാണ്  കരാർ ഉറപ്പിച്ചത‌്. ഒക്ടോബർ മൂന്നിന‌് ഫ്രഞ്ച് കമ്പനി ദാസ്സൂദും റിലയൻസ് ഡിഫൻസും സംയുക്ത സംരംഭം പ്രഖ്യാപിച്ചു. 2017 ജൂണിൽ ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് ലിമിറ്റഡ് (ഡിആർഎഎൽ) നിലവിൽവന്നു. ഒക്ടോബർ 27ന‌് നാഗ്പുരിൽ ഡിആർഎഎൽ നിർമാണശാലയ്ക്ക് ശിലയിട്ടു.

ഡിസംബർ 10ന‌് റിലയൻസ്‐ഗെയത് സിനിമ പുറത്തുവന്നു. 2013‐14 മുതൽ 2016‐17 വരെ റിലയൻസ് എന്റർടെയ്ൻമെന്റ് നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കമ്പനി രജിസ്ട്രാർ ഓഫീസ് രേഖ വ്യക്തമാക്കുന്നു. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ച കമ്പനി ലാഭം ഉറപ്പില്ലാത്ത ഫ്രഞ്ച് ചലച്ചിത്രത്തിനുവേണ്ടി പണംമുടക്കിയത് ദുരൂഹമാണ്. 98 മിനിറ്റ‌് ദൈർഘ്യമുള്ള “തൗത്‐ല ഹൗത്’ എന്ന ഈ സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടുമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top