21 November Wednesday

റഫേല്‍ അഴിമതി: റിലയന്‍സിനായി മോഡി വാശിപിടിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Oct 17, 2018


ന്യൂഡൽഹി > റഫേൽ യുദ്ധവിമാന കരാറിൽ  അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കണമെന്ന നിർബന്ധ വ്യവസ്ഥ മോഡിസര്‍ക്കാര്‍ ഉൾപ്പെടുത്തിയതിന്റെ രേഖകൾ പുറത്ത‌്. ഫ്രഞ്ച‌് കമ്പനി ദസ്സാൾട്ട‌് ഏവിയേഷനിലെ രണ്ട‌് പ്രമുഖ ട്രേഡ‌് യൂണിയനുകളായ സിഎഫ‌്‌ഡിടിയും സിജിടിയുമാണ‌് രേഖകള്‍ പരസ്യമാക്കിയത്. ദസ്സാൾട്ട‌് കമ്പനിയുടെ ഉപമേധാവി ലോയീക‌് സെലൻ ട്രേഡ‌് യൂണിയനുകളുമായി 2017 മേയ‌് 11നു നടത്തിയ ചർച്ചയിൽ റിലയൻസിനുവേണ്ടി മോഡിസര്‍ക്കാര്‍ നടത്തിയ സമ്മർദം വെളിപ്പെടുത്തിയിരുന്നു.

ഈ യോഗത്തിന്റെ മിനിട്ട‌്സ‌് പകർപ്പാണ് ‘പോർട്ടെയിൽ ഏവിയേഷൻ’ എന്ന ബ്ലോഗ‌് വഴി യൂണിയനുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽനിന്നുള്ള റഫേൽ കരാർ ലഭിക്കണമെങ്കിൽ റിലയൻസ‌് ഡിഫൻസിനെ  പങ്കാളിയാക്കണമെന്നത‌് അനിവാര്യവും നിർബന്ധിതവുമായ വ്യവസ്ഥയായിരുന്നുവെന്ന‌് ലോയീക‌് സെലൻ ട്രേഡ‌് യൂണിയൻ പ്രതിനിധികളെ അറിയിച്ചു.  ഇന്ത്യന്‍ സര്‍ക്കാര്‍ അടിച്ചേൽപ്പിച്ച വ്യവസ്ഥയായിരുന്നു ഇതെന്ന് ചർച്ചയിൽ  ട്രേഡ‌്യൂണിയനുകളെ ധരിപ്പിച്ചതായി സിഎഫ‌്ഡിടി പുറത്തുവിട്ട രേഖയിൽ പറയുന്നു.

റഫേൽ കരാറിൽ ക്രമക്കേട‌് ആരോപിച്ച‌് ദസ്സാൾട്ട‌് ട്രേഡ‌് യൂണിയനുകൾ രംഗത്തുവന്ന സാഹചര്യത്തിലാണ‌് കമ്പനി അധികൃതർ ചർച്ച നടത്തിയത‌്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015 ഏപ്രിൽ 10ന‌് അന്നത്തെ ഫ്രഞ്ച‌് പ്രസിഡന്റ‌് ഫ്രാൻസ്വോ ഓളന്ദ‌ുമായി  നടത്തിയ ചർച്ചയിലാണ‌് റഫേൽ കരാർ ഉറപ്പിച്ചത‌്. വ്യോമസേനയുടെ ആവശ്യപ്രകാരം 126 റഫേൽ വിമാനം വാങ്ങാനുള്ള പദ്ധതി മാറ്റിമറിച്ച‌് 36 വിമാനം മാത്രമാക്കി ചുരുക്കിയതും ഇത്രയും വിമാനം ഫ്രാൻസിൽ നിർമിക്കാൻ തീരുമാനിച്ചതും മോഡി–ഓളന്ദ‌് ചർച്ചയിലാണ‌്.

18 വിമാനംമാത്രം പൂർണമായും ഫ്രാൻസിൽ നിർമിക്കാനും ശേഷിക്കുന്നവ സാങ്കേതികവിദ്യ കൈമാറ്റത്തോടെ ഹിന്ദുസ്ഥാൻ എയ‌്റോനോട്ടിക്സ‌് ലിമിറ്റഡിൽ (എച്ച‌്എഎൽ)  നിർമിക്കാനുമായിരുന്നു യുപിഎ കാലത്തെ സംഭരണ പദ്ധതി. ഇതനുസരിച്ച‌് ലേലം വിളിച്ച‌് റഫേലുമായി ധാരണയിൽ എത്തിയിരുന്നു. എന്നാൽ, പ്രധാനമന്ത്രി മോഡിയുടെ പാരിസ‌് സന്ദർശനത്തിനുശേഷം എച്ച‌്എഎൽ പുറത്തായി. പകരം പ്രതിരോധനിർമാണമേഖലയിൽ ഒട്ടും മുൻപരിചയം ഇല്ലാത്ത റിലയൻസ‌് ഡിഫൻസ‌് പങ്കാളിയായി.റിലയൻസ‌് ഡിഫൻസിനെ കരാറില്‍ പങ്കാളിയാക്കണമെന്ന‌് ഇന്ത്യയാണ‌് ആവശ്യപ്പെട്ടതെന്ന‌്  ഓളന്ദ‌് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top