20 May Sunday

യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ‌്തു; വിധാൻ സൗധയ‌്ക്കുമുന്നിൽ കോൺ-ജെഡിഎസ‌് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ബംഗളൂരു
കടുത്ത പ്രതിഷേധങ്ങൾക്കിടെ, നിറംകെട്ട ചടങ്ങിൽ കർണാടക മുഖ്യമന്ത്രിയായി ബി എസ‌് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ‌്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത‌്ഷായും അടക്കമുള്ളവർ വിട്ടുനിന്ന ചടങ്ങിൽ ഗവർണർ വജുഭായ‌് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ‌്ഭവനിൽ നടന്ന ചടങ്ങിൽ യെദ്യൂരപ്പ മാത്രമാണ‌് ചുമതലയേറ്റ‌ത‌്. അനിശ്ചിതത്വം തുടരുന്നതിനാൽ മറ്റു മന്ത്രിമാരെ തെരഞ്ഞെടുക്കാനായില്ല.

ഏതാനും പ്രവർത്തകർ രാജ‌്ഭവനു പുറത്ത‌് വിജയാഹ്ലാദപ്രകടനം നടത്തിയെങ്കിലും കോടതിവിധിക്ക‌് അനുസൃതമായേ സത്യപ്രതിജ്ഞയ‌്ക്ക‌് സാധുതയുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവ‌് ചടങ്ങിന്റെ മാറ്റ‌് കെടുത്തി. കർണാടകത്തിന്റെ 22‐ാമത‌് മുഖ്യമന്ത്രിയായാണ‌് യെദ്യൂരപ്പ ചുമതലയേറ്റത‌്. കേന്ദ്രമന്ത്രിമാരായ ഡി വി സദാനന്ദഗൗഡ, പ്രകാശ‌് ജാവദേക്കർ, ജെ പി നദ്ദ, അനന്ത‌്കുമാർ, ധർമേന്ദ്രപ്രധാൻ എന്നിവർ സംബന്ധിച്ചു.നിയമസഭയിൽ ഭൂരിപക്ഷം നേടാൻ കഴിയുമെന്ന‌് നൂറുശതമാനം വിശ്വാസമുണ്ടെന്ന‌് സത്യപ്രതിജ്ഞയ‌്ക്കുശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കോൺഗ്രസും ജെഡിഎസും ചേർന്ന‌് അവിശുദ്ധമാർഗത്തിലൂടെ ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സത്യപ്രതിജ്ഞാസമയത്ത‌് വിധാൻസൗധയ‌്ക്ക‌ു പുറത്ത‌് ജെഡിഎസ‌്, കോൺഗ്രസ‌് അംഗങ്ങൾ പ്രതിഷേധ ധർണ നടത്തി. നിയമസഭാ മന്ദിരത്തിനു മുന്നിലെ ഗാന്ധിപ്രതിമയ‌്ക്ക‌ു സമീപമായിരുന്നു ധർണ. മുൻ പ്രധാനമന്ത്രി എച്ച‌് ഡി ദേവഗൗഡ, എഐസിസി നേതാക്കളായ ഗുലാംനബി ആസാദ‌്, അശോക‌് ഗെ‌ഹ‌്‌ലോട്ട‌്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എച്ച‌് ഡി കുമാരസ്വാമി, എച്ച‌് ഡി രേവണ്ണ തുടങ്ങിയവർ സംബന്ധിച്ചു. വിധാൻസൗധയ‌്ക്ക‌ു പുറത്ത‌് പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ‌്, ജെഡിഎസ‌് പ്രവർത്തകരെ പൊലീസ‌് ബലം പ്രയോഗിച്ച‌് അറസ്റ്റ‌് ചെയ്യാൻ ശ്രമിച്ചത‌് സംഘർഷത്തിന‌് ഇടയാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top