17 July Tuesday

തുറമുഖം ആവശ്യത്തിലധികം: ബാങ്കുകൾക്ക്‌ ബാധ്യതയായി സ്വകാര്യ തുറമുഖങ്ങള്‍

സ്വന്തം ലേഖകൻUpdated: Friday Jul 13, 2018


ന്യൂഡൽഹി > സ്വകാര്യ തുറമുഖ പദ്ധതികൾക്ക് നൽകിയ വായ്പകൾ രാജ്യത്തെ ബാങ്കുകൾക്ക് ഭാരമായി മാറുമെന്ന് ആശങ്ക. കിട്ടാക്കടപരമ്പരയിൽ തുറമുഖപദ്ധതികളാണ് അടുത്ത സംഭാവന നൽകാൻ പോകുന്നതെന്ന് ഷിപ്പിങ് മന്ത്രാലയത്തിലെ ഉന്നതർ തുറന്നുസമ്മതിക്കുന്നു. സ്വകാര്യ തുറമുഖങ്ങളുടെ എണ്ണം പെരുകിയതും ചരക്കുകടത്തിന്റെ വ്യാപ്തി അതനുസരിച്ച് ഉയരാത്തതുമാണ് സ്ഥിതി വഷളാക്കിയത്. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തുറമുഖങ്ങൾ ഇന്ത്യയിൽ വികസിപ്പിച്ചിട്ടുണ്ടെന്ന് ഷിപ്പിങ് സെക്രട്ടറി ഗോപാൽ കൃഷ്ണ പറഞ്ഞു.

മൊത്തം 7500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയിലെ സമുദ്രതീരത്ത് 12 പ്രമുഖ തുറമുഖങ്ങളും 187 രണ്ടാംനിര തുറമുഖങ്ങളുമുണ്ട്. രണ്ടാംനിര തുറമുഖങ്ങളിൽ അറുപതോളം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. വാണിജ്യവിജയസാധ്യത നിലനിർത്താൻ  രണ്ടു തുറമുഖങ്ങൾക്കിടയിൽ വേണ്ട കുറഞ്ഞ അകലം എന്ന മാനദണ്ഡം പാലിക്കാതെയാണ് പദ്ധതികൾക്ക് അനുമതി നൽകിയത്. തമിഴ്നാട്ടിൽ 30 കിലോമീറ്ററിനുള്ളിൽ മൂന്നു തുറമുഖങ്ങളുണ്ട്‐ ചെന്നൈ, എന്നൂരിലെ കാമരാജാർ, കാട്ടുപള്ളി എന്നിവ. കാട്ടുപള്ളിയിൽനിന്ന് നൂറു കിലോമീറ്റർ അകലെ ആന്ധ്രപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖവുമുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനുതൊട്ടടുത്തായി കുളച്ചലിൽ പുതിയ പദ്ധതി കൊണ്ടുവരാനും കേന്ദ്രം ശ്രമിക്കുന്നു. തുറമുഖങ്ങൾ തമ്മിലുള്ള അകലം കുറയുമ്പോൾ  കടുത്തമത്സരം രൂപംകൊള്ളുകയും ലാഭകരമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യും.രണ്ടാംനിര തുറമുഖപദ്ധതികൾ ബാങ്ക്വായ്പ എടുത്താണ് വികസിപ്പിക്കുന്നത്. ആയിരക്കണക്കിന‌് കോടി രൂപയാണ് തുറമുഖങ്ങൾക്കായി ബാങ്കുകൾ വായ്പ നൽകിയിട്ടുള്ളത്.

പദ്ധതികൾ നഷ്ടത്തിലേക്ക് നീങ്ങിയാൽ വായ്പാതിരിച്ചടവ് മുടങ്ങും. നിലവിൽ പത്തുലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം നേരിടുന്ന പൊതുമേഖല ബാങ്കുകൾക്ക് പുതിയ ഭീഷണിയാണ് തുറമുഖമേഖലയിലെ ഈ അവസ്ഥ.

പ്രധാന വാർത്തകൾ
Top