21 October Sunday

ഗോരക്ഷയുടേയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ആക്രമിക്കപ്പെടുന്നു: പ്രകാശ് കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

ന്യൂഡല്‍ഹി (നൂറുല്‍ഹുദ നഗര്‍)> രാജ്യത്തിന്റെ മതനിരപേക്ഷജനാധിപത്യ മുല്യങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുന്നതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ്ബൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിന്റെ അപകടകരമായ നീക്കമാണ്  നിരന്തരം ഉണ്ടാവുന്ന അക്രമങ്ങളിലൂടെ വ്യക്തമാകുന്നത്. ഗോ രക്ഷയുടെയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ബുദ്ധിജീവികളും ആക്രമിക്കപ്പെടുന്നു. മാധ്യമങ്ങളെയും ജുഡീഷ്യറിയെയും നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം വെറുതെയായി. ജിഎസ്ടിയും നോട്ടുനിരോധനവും ഉള്ള തൊഴിലും ഇല്ലാതാക്കി.

 തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചും വിലക്കയറ്റം പിടിച്ചുനിറത്താന്‍ ഇടപെടാതെയും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള ഭരണമാണ് നടത്തുന്നത്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചും ക്ഷേമപദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചും സാധാരണക്കാരനെ വീണ്ടും ദുരിതത്തിലാക്കുകയാണ് മോഡി സര്‍ക്കാരിന്റെ ഭരണമെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ഡല്‍ഹി സംസ്ഥാന സമ്മേളനം സുകോമള്‍സെന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.


ഉദാരവല്‍ക്കരണ നയങ്ങളും തീവ്ര ഹിന്ദുത്വ ആശയങ്ങളും നടപ്പാക്കാന്‍ അധികാരം കേന്ദ്രീകരിച്ച് ഏതാധിപത്യ നീക്കമാണ് മോഡി നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. സമാന ചിന്താഗതിക്കാരായ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സംയുക്തമായ നീക്കമാണ് വേണ്ടത്. ദുര്‍ബ്ബലമായ കോണ്‍ഗ്രസിന് ശക്തമായ പ്രതിരോധം ഉയര്‍ത്താനാവില്ല. ഡല്‍ഹിയില്‍ മൂന്നാം ശക്തിയായി ഉയര്‍ന്നുവന്ന ആംആദ്മി പാര്‍ടിയുടെ പല നിലപാടുകളും അംഗീകരിക്കാവുന്നതല്ല. എന്നാല്‍ ബിജെപി വിരുദ്ധ നലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വിജയ് എന്‍ക്ലേവിലെ നൂറുല്‍ഹുദ നഗറില്‍ ശനിയാഴ്ച രാവിലെ മുതിര്‍ന്ന നേതാവ് ബല്‍ദേവ് സിങ്ങ് കൊടി ഉയര്‍ത്തി. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ എം തിവാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top