20 November Tuesday

പാർലമെന്റ‌് മാർച്ച‌് രാജ്യത്തിന്റെ ഭാവി നിർണയിക്കും: പ്രഭാത്‌ പട്‌നായിക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

ന്യൂഡൽഹി > സെപ്‌തംബർ അഞ്ചിനു തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും നടത്തുന്ന പാർലമെന്റ് മാർച്ച് രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രൊഫ. പ്രഭാത് പട്‌നായിക്, കെ സച്ചിദാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷികപ്രതിസന്ധിയുടെ പ്രതിഫലനം രാജ്യത്തെ നഗരങ്ങളിലും അനുഭവപ്പെടുന്നു. നവഉദാരനയങ്ങളുടെ വാഴ്ചക്കെതിരെ ഇതിന്റെ കെടുതി അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഐക്യനിര ഉയർന്നുവരികയാണെന്ന് ഇരുവരും പറഞ്ഞു.

വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം സാർവത്രികമാക്കുക, മാന്യമായ തൊഴിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുക, എല്ലാവിഭാഗം തൊഴിലാളികൾക്കും 18,000 രൂപ കുറഞ്ഞ വേതനമായി പ്രഖ്യാപിക്കുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പ്രകാരമുള്ള ആദായനിരക്കിൽ കാർഷികവിളകൾ സംഭരിക്കുക, കർഷകത്തൊഴിലാളികൾക്കുവേണ്ടി സമഗ്രമായ നിയമം നടപ്പാക്കുക, എല്ലാ ഗ്രാമീണമേഖലയിലും തൊഴിലുറപ്പ് നിയമം നടപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ നിയമഭേദഗതി കൊണ്ടുവരിക, നിർബന്ധപൂർവം ഭൂമി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക, പ്രകൃതിദുരന്തങ്ങളിലെ ഇരകൾക്ക് ആശ്വാസവും പുനരധിവാസവും ഉറപ്പാക്കുക, സാർവത്രിക സാമൂഹികസുരക്ഷ ഉറപ്പാക്കുക, നവഉദാരനയങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് അഖിലേന്ത്യ കിസാൻസഭ, സിഐടിയു, അഖിലേന്ത്യാ കർഷകത്തൊഴിലാളിയൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ മസ‌്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിക്കുന്നത്.

ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ നയങ്ങളാണ് മോഡിസർക്കാർ നടപ്പാക്കിവരുന്നതെന്ന് ഇരുവരും പറഞ്ഞു. ദിനേശ് അബ്‌റോൾ, ഗൗഹർ റാസ, വിജു കൃഷ്‌ണൻ, പി കൃഷ്‌ണപ്രസാദ്, അമിതാവ ഗുഹ, സഞ്ജീവ്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top