14 November Wednesday

പിഎഫ് പെൻഷൻ വര്‍ധന ഉടനില്ലെന്ന് കേന്ദ്രം

എം പ്രശാന്ത്Updated: Thursday Aug 2, 2018

ന്യൂഡൽഹി > കുറഞ്ഞ പിഎഫ് പെൻഷൻ  പ്രതിമാസം 1000 രൂപയിൽനിന്ന് വർധിപ്പിക്കണമെന്ന ട്രേഡ്യൂണിയനുകളുടെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നത് പരമാവധി നീട്ടിക്കൊണ്ടു പോകാൻ കേന്ദ്ര സർക്കാർ ശ്രമം. 2019ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പെൻഷൻ തുക വർധിപ്പിക്കാനുള്ള സാധ്യത അടയുകയാണ്. സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെ‌ട്ട എല്ലാകേസും തീർപ്പായതിനുശേഷംമാത്രമേ പെൻഷൻ വർധന പരിഗണിക്കൂവെന്ന് കേന്ദ്രം രാജ്യസഭയെ അറിയിച്ചു. ഉന്നതാധികാര സമിതി റിപ്പോർട്ട് ലഭിച്ചാൽ നടപ‌ടിയെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ നിലപാട്.

ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് ഒക്ടോബറിൽ വരുമെന്നും എന്നാൽ, എല്ലാ പിഎഫ് കേസും തീർപ്പായാലേ തീരുമാനമെടുക്കാനാകൂ എന്നും പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ മെഘ്വാൾ പറഞ്ഞു. പെൻഷൻ പദ്ധതിയിലേക്കുള്ള സർക്കാർ സബ്സിഡി വിഹിതം 1.16 ശതമാനത്തിൽനിന്ന് നാലുമുതൽ അഞ്ചു ശതമാനംവരെ വർധിപ്പിക്കണമെന്ന ആവശ്യത്തിലും തീരുമാനമെടുക്കാൻ കേസുകൾ തീരണണമെന്ന് മന്ത്രി അറിയിച്ചു. സുപ്രീംകോടതിയിൽ നിലവിലുള്ള 21 കേസ് തീരാൻ മാസങ്ങൾ വേണ്ടിവരും.

ചോദ്യോത്തരവേളയിൽ പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്വർ സഭയിലുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെന്ന നിലയിലാണ് മെഘ്വാൾ മറുപടി നൽകിയത്. കുറഞ്ഞ പിഎഫ് പെൻഷൻ  1000 രൂപയിൽനിന്ന‌് മൂവായിരമാക്കുക, പെൻഷനെ പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ്യൂണിയൻ സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. പിഎഫ് പെൻഷൻ പരി​ഗണിക്കുന്ന സമിതി ഇതുവരെ മൂന്ന് യോഗം ചേർന്നു. കോടതി നടപടികൾ പുരോഗമിക്കുന്നുമുണ്ട്. നിലവിലെ ശമ്പളപരിധിക്കനുസരിച്ച് സേവന കാലയളവിന്റെയും മറ്റും അടിസ്ഥാനത്തിൽ പിഎഫ് പെൻഷൻ ശരാശരി 2500 രൂപയ്ക്കടുത്തായി വരും. പെൻഷൻ വർധന 2014 സെപ്തംബർമുതൽ നടപ്പാക്കിയിരുന്നു.ജൂലൈ 20 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 62,42,807 പിഎഫ് പെൻഷൻകാരുണ്ടെന്ന് മന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top