13 November Tuesday

എണ്ണവില മുകളിലേക്ക‌് രൂപ താഴേക്ക്‌ ,5 മാസത്തിനിടെ പെട്രോളിന‌് 6.50 രൂപയും ഡീസലിന‌് 4.70 രൂപയും വർധിച്ചു 

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018

ന്യൂഡൽഹി
രാജ്യത്ത‌് രൂപയുടെ മൂല്യം വീണ്ടും ഇടിയുമ്പോൾ പെട്രോൾ‐ഡീസൽ വില തീപിടിച്ചുയരുന്നു. ചൊവ്വാഴ്ച രൂപ ഡോളറിന‌് 71.54 എന്ന നിരക്കിലേക്ക്‌ കൂപ്പുകുത്തി. മുംബൈയിൽ പെട്രോൾവില ലിറ്ററിന‌് 86.72 രൂപയും ഡീസലിന‌് 75.74 രൂപയുമായി. അഞ്ചുമാസത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന‌്  6.50 രൂപയും ഡീസലിന‌് 4.70 രൂപയുമാണ് വർധിച്ചത്. ഇതര പെട്രോളിയം ഉൽപ്പന്നങ്ങളായ എൽപിജി, പിഎൻജി, സിഎൻജി എന്നിവയുടെ വിലയും ക്രമാതീതമായി ഉയർന്നു.

ഡോളർ കരുത്താർജിക്കുന്നതും വിദേശകമ്പനികൾ ഇന്ത്യയിലെ ഓഹരികൾ വിറ്റഴിക്കുന്നതും എണ്ണവില വർധനയുമാണ് രൂപയുടെ പതനത്തിനു കാരണം. കയറ്റുമതിയിലെ ഇടിവും സ്ഥിതി വഷളാക്കുന്നു. സർക്കാർനയങ്ങൾ ആഭ്യന്തരവിപണിയെ തളർത്തി. തിങ്കളാഴ്ചമാത്രം 2100 കോടിയിൽപ്പരം രൂപയുടെ ഓഹരി വിദേശകമ്പനികൾ വിറ്റൊഴിഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് ഇതിനു കാരണം.

രാജ്യാന്തരവിപണിയിലെ അസംസ്കൃത എണ്ണവിലവർധനയാണ് രാജ്യത്ത്  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും കണക്കുകൾ ഈ വാദത്തിന‌് എതിരാണ്. ക്രൂഡ‌് ഓയിൽ വീപ്പയ്ക്ക് നിലവിൽ വില 78 ഡോളറാണ്. എന്നാൽ, വീപ്പയ്ക്ക് 125 ഡോളറിൽ കൂടുതലുണ്ടായിരുന്നപ്പോൾപ്പോലും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇതിലും കുറവായിരുന്നു.

മോഡിസർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യവർഷങ്ങളിൽ രാജ്യാന്തരവിപണിയിൽ എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം ജനങ്ങൾക്ക് പകർന്നുകൊടുക്കാതെ എക്സൈസ് തീരുവ കൂട്ടി കൊള്ളനടത്തുകയായിരുന്നു. പെട്രോൾ ലിറ്ററിന‌് 12 രൂപയും ഡീസൽ ലിറ്ററിന‌് 14 രൂപയും തീരുവ കൂട്ടി. കോർപറേറ്റുകൾക്ക് വൻതോതിൽ നികുതിയിളവ് നൽകുന്ന കേന്ദ്രം, സാമ്പത്തികമായി പിടിച്ചുനിൽക്കാനുള്ള മാർഗമായി ഇന്ധനവിലയിലെ എക്സൈസ് തീരുവയെ ഉപയോഗപ്പെടുത്തുകയാണ്. നാലുവർഷം  3,92,057 കോടി രൂപയാണ്  ഈയിനത്തിൽ ജനങ്ങളിൽനിന്ന് അധികമായി ഊറ്റിയത്. ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അങ്ങനെ അഞ്ചുവർഷത്തിൽ 5,61,307 കോടി രൂപയാണ് പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽനിന്ന് അധികവരുമാനമായി കേന്ദ്രത്തിന‌് ലഭിക്കുക. ഈ വരുമാനം ഉപേക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞവർഷം ജൂൺമുതലാണ് പെട്രോൾ, ഡീസൽ വില ദിവസവും പുനർക്രമീകരിക്കാനുള്ള സംവിധാനം നിലവിൽവന്നത്. വിലനിർണയത്തിനുള്ള അധികാരം എണ്ണവിപണന കമ്പനികൾക്കാണെന്ന് പറയുമ്പോഴും  കഴിഞ്ഞവർഷം ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തും ഇക്കൊല്ലം കർണാടക തെരഞ്ഞെടുപ്പുവേളയിലും ഇന്ധനവില വർധിപ്പിച്ചില്ല. ഇതിനിടെ, എണ്ണവിലവർധന കേന്ദ്ര‐സംസ്ഥാന സർക്കാരുകൾക്ക് നല്ല വാർത്തയാണെന്ന് ബിജെപി വക്താവ് നളിൻ കോലി പറഞ്ഞു. സർക്കാരുകൾക്ക് കൂടുതൽ വരുമാനം ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top