15 October Monday

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി ദൗര്‍ഭാഗ്യകരം: പിബി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

ന്യൂഡല്‍ഹി > സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം അംഗീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ലഭിക്കേണ്ട അവകാശങ്ങള്‍ ആധാറിന്റെ പേരില്‍ ലക്ഷക്കണക്കിനു ദരിദ്രര്‍ക്ക് നിഷേധിക്കപ്പെടുമെന്നതാണ് യാഥാര്‍ഥ്യം. സാമൂഹ്യക്ഷേമപദ്ധതികളെ ആശ്രയിച്ചുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട അവസ്ഥയിലുള്ള ജനവിഭാഗങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്നതാണ് വിധി. ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സിപിഐ എം പോരാട്ടം തുടരും.

ആധാര്‍നിയമം പണബില്‍ രൂപത്തില്‍ പാസാക്കിയത് ഭരണഘടനയെ വഞ്ചിക്കലാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ന്യൂനപക്ഷവിധിയെ പൊളിറ്റ്ബ്യൂറോ  സ്വാഗതം ചെയ്തു. ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കിയാല്‍ മാത്രമേ ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കമുള്ള ആനുകൂല്യങ്ങള്‍ അതത് വിഭാഗങ്ങള്‍ക്ക് ലഭ്യമാകൂ.

സുപ്രീംകോടതി സംരക്ഷണസംവിധാനം എന്ന് വിശേഷിപ്പിച്ചത് ഫലപ്രദമല്ല. സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍വിവരശേഖരം ലഭ്യമാക്കരുതെന്നും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, പ്രവേശനപരീക്ഷ എന്നിവയ്ക്ക് ആധാര്‍  ആവശ്യമില്ലെന്നും സുപ്രീംകോടതി വിധിച്ചിരിക്കുന്നു. സ്വകാര്യതയ്ക്ക് ഇതു കുറെയൊക്കെ  സംരക്ഷണം നല്‍കുമ്പോള്‍ തന്നെ, കേന്ദ്രസര്‍ക്കാര്‍ പല പ്രവര്‍ത്തനങ്ങളും  സ്വകാര്യമേഖലയ്ക്ക് കൈമാറിയിട്ടുള്ളതിന്റെ പ്രശ്നം ഉയരുന്നു. ഇത്തരം കമ്പനികര്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. സുപ്രീംകോടതി തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക അവകാശമായ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണിത്പ്രസ്‌താവനയില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top