15 November Thursday

'പത്മാവതി' പരിശോധിക്കാന്‍ ആറംഗ സമിതി

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

ന്യൂഡല്‍ഹി > സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച പത്മാവതി സിനിമയ്ക്ക് അനുമതി നല്‍കണമോയെന്ന് പരിശോധിക്കാന്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തി. ചരിത്രകാരന്മാരടക്കമുള്ള ആറംഗ സമിതിയെ നിയോഗിച്ചതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഉള്ളടക്കത്തിന്റെ ആധികാരികത പരിശോധിക്കാനാണ് സമിതി. ചിത്രം ഭാഗികമായി ചരിത്രവസ്തുതകള്‍ മുന്‍നിര്‍ത്തിയാണെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍  ഇത് പരിശോധിക്കാനാണ് സമിതിയെന്നും സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷയില്‍ ചിത്രം ഭാഗികമായി ചരിത്രവസ്തുതകള്‍ മുന്‍നിര്‍ത്തിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അനാവശ്യമായിരുന്നു. ഇതാണ് ഈ കേസ് സങ്കീര്‍ണമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

ചിത്രം പരിശോധിക്കാന്‍ സംഘപരിവാര്‍ പക്ഷത്തുള്ള ചരിത്രകാരന്മാരെ ഏര്‍പ്പെടുത്തണമെന്ന കര്‍ണിസേനയുടെ ആവശ്യമാണ് ഇതോടെ നടപ്പായത്.
190 കോടി മുതല്‍മുടക്കി സഞ്ജയ് ലീല ബന്‍സാലിയാണ് പത്മാവതി ഒരുക്കിയിരിക്കുന്നത്. ചിത്രം ചരിത്രത്തെയും സംസ്കാരത്തെയും തകര്‍ക്കുന്നതാണെന്ന് ആരോപിച്ച് രാജസ്ഥാനിലെ സംഘപരിവാര്‍ സംഘടനയായ കര്‍ണി സേന രംഗത്തെത്തിയതാണ് ചിത്രത്തെ വിവാദമാക്കിയത്. തുടര്‍ന്ന് നായികയായി അഭിനയിച്ച ദീപിക പദുകോണിനും സംവിധായകനും നടന്മാര്‍ക്കുമെതിരെ വധഭീഷണിവരെയുണ്ടായി. ആവിഷ്കാരസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നുകയറ്റത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിരോധവും ഉയര്‍ന്നു.

പ്രധാന വാർത്തകൾ
Top