21 September Friday

കാലവർഷക്കെടുതി: അടിയന്തര സഹായം വേണമെന്ന് പി കരുണാകരന്‍ എം പി ലോക്‌സഭയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

ന്യൂഡൽഹി > കേരളം നേരിടുന്ന കാലവർഷക്കെടുതി നേരിടാൻ അടിയന്തര സഹായം നൽകണമെന്ന് പി കരുണാകരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. ചട്ടം 193 പ്രകാരമുള്ള ചർച്ചയ്ക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെയുണ്ടാകാത്ത വെള്ളപ്പൊക്കവും കെടുതിയുമാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ആലപ്പുഴയിൽ. ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, പത്തനംതിട്ട , മലപ്പുറം ജില്ലകളിലായി 55,700 ഹെക്ടർ  വെള്ളത്തിനടിയിലായി. എട്ട് ജില്ലകളിലായി 37 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ 14 പേർ മരിച്ചു.

സംസ്ഥാനത്തെ  1033 വില്ലേജുകളിൽ 965ലും നാശനഷ്ടമുണ്ടായി. മൊത്തം 120 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 21,197 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 11,403 വീടുകൾ തകർന്നു. 323 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ തുറന്നു. വീടുകൾ നശിച്ചതിന്റെ ഫലമായി  5511 കോടി രൂപയുടെ നഷ്ടം കണക്കാക്കി. മത്സ്യമേഖലയിൽ 97 ബോട്ട് തകർന്ന് 14.14 കോടിയുടെ നഷ്ടമുണ്ടായി. 2600 മത്സ്യ വളർത്തു കേന്ദ്രങ്ങൾ പൂർണമായും നഷ്ടമായി. കന്നുകാലി വളർത്തു മേഖലയിലും വൻ നാശമുണ്ടായി. രണ്ടായിരത്തോളം ജലസേചന പദ്ധതികൾക്ക് നാശമുണ്ടായി. 2487.30 കോടിയുടെ നഷ്ടമുണ്ടായി. രാജ്യത്ത്  ഏറ്റവും അധികം ദുരിതാശ്വാസപ്രവർത്തനം നടത്തുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, കേന്ദ്രം ദുരിതാശ്വാസത്തിനുള്ള നിബന്ധനകളിൽ കടുംപിടിത്തം തുടരുന്നതിനാൽ ആവശ്യമായ സഹായം ലഭിക്കുന്നില്ല. കാലവർഷക്കെടുതിയെ പ്രകൃതിക്ഷോഭത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി കേരളത്തിന് നഷ്ടപരിഹാരം നൽകണം.

ഓഖി ദുരന്തത്തിന് അഞ്ചുമാസത്തിനുശേഷം കാലവർഷക്കെടുതി ഉണ്ടായത് പരിഗണിച്ച് കൂടുതൽ കേന്ദ്ര സഹായം നൽകണം. ദേശീയ ദുരന്തനിവാരണ നിധി രൂപീകരിക്കണം. ഓഖി ദുരന്തത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട 7340 കോടി രൂപ  നൽകണം. കണ്ണൂരിലെ ടെറിറ്റോറിയൽ ആർമിക്കും തിരുവനന്തപുരത്തെ കരസേന യൂണിറ്റിനും ആലപ്പുഴയിലെ ഐടിബിപി യൂണിറ്റിനും ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കണം. വ്യോമസേനയുടെ പ്രത്യേക കേന്ദ്രം സ്ഥാപിക്കണം. കാലാവസ്ഥാ പ്രവചന കേന്ദ്രം ഫലപ്രദമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാരിന്റെ ദുരിത നിവാരണ കേന്ദ്രത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. എന്നാൽ, ഉണ്ടായ നാശനഷ്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിക്കപ്പുറത്താണ്. സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി 80 കോടി രൂപ മാത്രമാണ് പ്രഖ്യാപിച്ചത്. ദുരന്തം വിലയിരുത്താൻ അടിയന്തരമായി വിദഗ്ധരെയും ഉദ്യോഗസ്ഥരെയും അയക്കണമെന്നും പി കരുണാകരൻ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top