19 November Monday

പൗരത്വ രജിസ്റ്ററിൽ 40 ലക്ഷംപേരില്ല ; അസം സംഘർഷാവസ്ഥയിൽ

എം പ്രശാന്ത്Updated: Tuesday Jul 31, 2018

അസമിലെ കംരുപ്‌ ജില്ലയിലെ ഗോറോയ്‌മരിയിലെ സേവാകേന്ദ്രത്തിൽ ഇന്ത്യൻ പൗരത്വ രേഖയുടെ അന്തിമ പട്ടികയിൽ പേരുണ്ടോയെന്ന്‌ പരിശോധിക്കുന്നവർ. ഫോട്ടോ: പിടിഐ



ന്യൂഡൽഹി
അസമിൽ 40 ലക്ഷത്തിലേറെ പേരെ ഒഴിവാക്കി പൗരന്മാർക്കായുള്ള ദേശീയ രജിസ്റ്ററിന്റെ (എൻആർസി) അന്തിമ കരട് പുറത്തിറക്കി. രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷിച്ച 3.29 കോടി പേരിൽ 2.9 കോടി പേർ മാത്രമാണ് കരടിലുള്ളത്. 40.07 ലക്ഷംപേർ ഒഴിവാക്കപ്പെട്ടു. ഇവരിൽ ഭൂരിപക്ഷവും ബംഗാളി മുസ്ലിങ്ങളാണ്. ബംഗാളി സംസാരിക്കുന്ന ചുരുക്കം ഹിന്ദുക്കളും പുറന്തള്ളപ്പെട്ടു. പുറത്താക്കപ്പെട്ടവരിൽ ഏറിയപങ്കും തീർത്തും ദരിദ്രരാണ്. 40 ലക്ഷംപേർ ഒറ്റയടിക്ക് പുറത്തായതോടെ അസം കടുത്ത സംഘർഷസ്ഥിതിയിലായി. അനിഷ്ടസംഭവങ്ങൾ തടയുന്നതിന് സുരക്ഷാസന്നാഹം ശക്തിപ്പെടുത്തി.

പുറത്തുവന്നത് കരടുപട്ടിക മാത്രമാണെന്നും അന്തിമപട്ടിക വന്നിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പറഞ്ഞു. ചിലർ അനാവശ്യ ഭീതിസൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പരാതി ഉന്നയിക്കാൻ ഇനിയും അവസരമുണ്ടെന്ന് എൻആർസി പ്രക്രിയക്ക് മേൽനോട്ടം വഹിച്ച രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ശൈലേഷ് പ്രതികരിച്ചു. യഥാർഥ ഇന്ത്യൻ പൗരൻമാരാരുംതന്നെ ഭയക്കേണ്ടതില്ലെന്നും ശൈലേഷ് പറഞ്ഞു.

തൽക്കാലം ആരെയും വിദേശികളായി കണക്കാക്കില്ലെന്നും കരടിൽ ഉൾപ്പെടാത്ത യഥാർഥ പൗരന്മാർക്ക് സുപ്രീംകോടതിവരെ പോകാനുള്ള അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി സർബാനന്ദ സൊനാവൾ പറഞ്ഞു.

അന്തിമ കരടിലെ തിരുത്തൽ പ്രക്രിയക്ക് ആഗസ്ത് 30ന് തുടക്കമാകും. സെപ്തംബർ 28 വരെ തുടരും. അന്തിമപട്ടികയിലും ഉൾപ്പെടാതെ പോകുന്നവരുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കുമെന്ന് കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയിട്ടില്ല. പൗരത്വം തെളിയിക്കാനാകാത്ത എല്ലാവരെയും നാടുകടത്തുമെന്ന് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി നേതാവ് ഹിമന്ത ബിസ്വ സർമ പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ അതിർത്തി കടത്തിവിടുന്ന ആരെയും സ്വീകരിക്കില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടുണ്ട്. അസമിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമീഷണർ ഓഫീസും മറ്റും ആശങ്ക പ്രകടമാക്കിയിട്ടുണ്ട്.

സ്വന്തമായി പൗരത്വ രജിസ്റ്ററുള്ള ഏക സംസ്ഥാനമാണ് അസം. വിഭജനഘട്ടത്തിൽ കിഴക്കൻ പാകിസ്ഥാനായിരുന്ന ബംഗ്ലാദേശിൽനിന്ന് വൻതോതിൽ അസമിലേക്ക് കുടിയേറ്റം നടന്നിരുന്നു. തുടർന്ന് 1951ലാണ് ആദ്യ എൻആർസി തയ്യാറാക്കിയത്. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം 1979‐85 കാലയളവിൽ അസമിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് വഴിയൊരുക്കി. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആൾ അസം സ്റ്റുഡന്റ്സ് യൂണിയനാണ് (എഎഎസ്യു) പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.

1983ൽ നെല്ലിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു. രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് 1985ൽ എഎഎസ്യുവുമായി അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള അസം കരാറിൽ ഒപ്പുവച്ചു.

1971 മാർച്ച് 25ന് മുമ്പുമുതൽ അസമിൽ കഴിയുന്നവർക്ക് മാത്രമായി പൗരത്വം പരിമിതപ്പെടുത്തിയുള്ളതാണ് കരാർ. എൻആർസിയുടെ ഇപ്പോഴത്തെ കരടുപട്ടിക തയ്യാറാക്കിയിട്ടുള്ളതും ഈ തീയതി കണക്കാക്കിയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top