21 October Sunday

നോട്ട് നിരോധനത്തിന്റെ ആഘാതം മറച്ചുവച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മോഡിസര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തി: സുബ്രഹ്മണ്യന്‍ സ്വാമി

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

ന്യൂഡല്‍ഹി > നോട്ടുനിരോധനം സമ്പദ്‌വ്യവസ്ഥയിലും ജിഡിപിയിലും ആഘാതം ഉണ്ടാക്കിയില്ലെന്ന നിലയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനിലെ (സിഎസ്ഒ) ഉന്നത ഉദ്യോഗസ്ഥരെ മോഡി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. മൂന്നുമാസം ഇടവിട്ട് പുറത്തിറക്കുന്ന ജിഡിപി കണക്കുകള്‍ വിശ്വസിക്കരുതെന്നും അവയെല്ലാം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനവും ജിഎസ്ടിയും ജിഡിപിയില്‍ പ്രതികൂല പ്രഭാവം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍.

 അഹമ്മദാബാദില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍സ്വാമി.സിഎസ്ഒയില്‍ താന്‍ മന്ത്രി സദാനന്ദ ഗൗഡയ്‌ക്കൊപ്പം പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വളിച്ചുവരുത്തി. നോട്ടുനിരോധനം സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാട്ടാന്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ഇത്. അതിനാലാണ് ജിഡിപിയില്‍ നോട്ടുനിരോധനം പ്രതിഫലനം ഉണ്ടാക്കുന്നില്ലെന്ന് അവര്‍ പറയുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം എങ്ങനെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് പറയാനാകുമെന്ന് ഉദ്യോഗസ്ഥരോട് താന്‍ ചോദിച്ചെന്നും തങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദമാണുള്ളത് എന്നായിരുന്നു അവരുടെ മറുപടിയെന്നും സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞു.

മൂഡീസ് റേറ്റിങ്ങും ഫിറ്റ്‌ച്ചെസോയും വിശ്വസിക്കരുത്. കാശുനല്‍കി നമുക്ക് അവരെക്കൊണ്ട് എന്ത് റിപ്പോര്‍ട്ടും എഴുതിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഒരുമാസം മുമ്പാണ് മൂഡീസ് റേറ്റിങ്ങില്‍ ഇന്ത്യ നിലമെച്ചപ്പെടുത്തിയത്. 13 വര്‍ഷത്തിനിടെ ആദ്യമായിരുന്നു ഇത്.
 

പ്രധാന വാർത്തകൾ
Top