21 November Wednesday

കേരളത്തിലെ 11 മതപരിവർത്തന കേസുകളിൽ എൻഐഎ അന്വേഷണം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 18, 2018

ന്യൂഡൽഹി > കേരളത്തിലെ മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അവസാനിപ്പിക്കുന്നു. മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയവും മിശ്രവിവാഹങ്ങളും നടക്കുന്നു എന്നതിന്‌ മതിയായ തെളിവ്‌ ലഭിക്കാത്ത സാഹചര്യത്തിലാണ്‌. എൻഐഎ പരിശോധിച്ച 11 കേസുകളിൽ കുറ്റകരമായതൊന്നും കണ്ടെത്താനായില്ല.

പ്രണയവിവാഹങ്ങളിൽ സ്‌ത്രീയുടെയോ പുരുഷന്റെയോ മതപരിവർത്തനത്തിന്‌ സമ്മർദ്ദമുയർന്നേക്കാമെങ്കിലും ആസൂത്രിതവും നിർബന്ധിതവുമായ മതപരിവർത്തനങ്ങൾ നടന്നിട്ടുള്ളതിന്‌ തെളിവൊന്നും എൻഐഎക്ക്‌ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എൻഐഎ സുപ്രീം കോടതിയിൽ തുടർറിപ്പോർട്ടുകൾ സമർപ്പിക്കില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും എൻഐഎയിലെ സീനിയർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു. 

ഹാദിയ കേസിന്റെ പശ്‌ചാത്തലത്തിലാണ്‌ കേരളത്തിലെ 11 മതപരിവർത്തന കേസുകളുടെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്‌. ഇതിൽ പല കേസുകളിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള സംഘടനകളും വ്യക്തികളും ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തിന്‌ സഹായമൊരുക്കുന്നതായി കണ്ടെത്തിയെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി തെളിവ്‌ ലഭിച്ചിട്ടില്ലെന്നും എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യത്ത് ഏതു മതവും സ്വീകരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികളെ കാണാതായതടക്കമുള്ള കേസുകൾ പരിശോധിച്ചെങ്കിലും പ്രോസിക്യൂഷൻ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യ തൊളിവുകളോ അന്വേഷണ ഏജൻസിക്ക് ലഭിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ ഷഫിൻ ജഹാൻ വിവാഹം ചെയ്തതിനെ തുടർന്ന്‌ ഹാദിയയുടെ അച്ഛൻ നൽകിയ പരാതിയിൽ ഹൈക്കോടതി വിവാഹം റദ്ദാക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി ഹൈക്കോടതി വിധിയെ റദ്ദാക്കിക്കൊണ്ട്‌ ഇവരുടെ വിവാഹം അംഗീകരിച്ചു. 
 


പ്രധാന വാർത്തകൾ
Top