23 September Sunday

ദേശീയദുരന്തമായി പ്രഖ്യാപിക്കുക, കേരളത്തിന്‌ ആവശ്യമായ സഹായമെത്തിക്കുക : പ്രതിഷേധവുമായി ജെഎൻയു വിദ്യാർത്ഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ന്യൂഡല്‍ഹി > പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സന്നാഹങ്ങളും ഒരുക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ മെഡിക്കല്‍ സൌകര്യങ്ങള്‍ ഉടന്‍ സംസ്ഥാനത്തിന് ലഭ്യമാക്കണം. ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായം എത്തിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.



സഹായം കേന്ദ്രത്തിന്റെ കാരുണ്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി. ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാര്‍ഥികളെ പാര്‍ലമെന്റ് സ്ട്രീറ്റില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥി യൂണിയന്റെ പ്രതിഷേധത്തിന് പ്രസിഡന്റ് ഗീതാ കുമാരി, ജോയിന്റ് സെക്രട്ടറി സുഭാന്‍ഷു സിങ്, മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായി.

ജെഎന്‍യുവില്‍ നിന്ന് ബസില്‍ എത്തിയ വിദ്യാര്‍ഥികളെ സഫ്ദര്‍ജങില്‍വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ജന്തര്‍മന്ദറിലേക്ക് എത്തിക്കവെ കേരള ഹീസിനു സമീപം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കേരളഹൌസിനുമുന്നില്‍ പ്രതിഷേധ സംഗമം നടത്തിയ വിദ്യാര്‍ഥികള്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റോഡ് ഉപരോധിച്ചു. വിദ്യാര്‍ഥികളെ തടയാനുള്ള ഡല്‍ഹി പൊലീസിന്റെയും സുരക്ഷാ സേനയുടെയും ശ്രമങ്ങള്‍ മറികടന്നാണ് റോഡ് ഉപരോധിച്ചത്.

ഇതോടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ചും വലിച്ചിഴച്ചും അറസ്റ്റ് ചെയ്ത് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍കരോടും പൊലീസ് മോശമായി പെരുമാറി. ന്യൂസ്18 റിപ്പോര്‍ട്ടര്‍ എം ഉണ്ണികൃഷ്ണന്‍, കേരള കൌമുദി റിപ്പോര്‍ട്ടര്‍ അനില്‍ വി ആനന്ദ് എന്നിവരെ കയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്‌സിറ്റി, ബോംബെ ഐഐടി എന്നവിടങ്ങളിലും വിദ്യാർത്ഥികൾ പ്രതിഷേധത്തോടെ തെരുവിലിറങ്ങിയിരുന്നു.

സംസ്ഥാനത്തെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തരമായി കൂടുതല്‍ രക്ഷാസംവിധാനങ്ങള്‍ അനുവദിക്കണമെന്ന് ദി ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല(ഇഎഫ്എല്‍യു) വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു. കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കണമെന്നും വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് മൈത്രി ദാസ് പ്രസ്താവനയില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top