17 August Friday

മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭയില്‍

സ്വന്തം ലേഖകന്‍Updated: Sunday Dec 31, 2017

ന്യൂഡല്‍ഹി > മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. പുതുവര്‍ഷദിനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. ജനുവരി ഒന്നിന് ഇരുസഭകള്‍ക്കും അവധി നല്‍കിയതിനാലാണ് ബില്ലവതരണം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയത്. ലോക്സഭയില്‍ ബില്‍ വേഗത്തില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെങ്കിലും രാജ്യസഭയില്‍ കാര്യങ്ങള്‍ എളുപ്പമല്ല. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നിലപാടിനെ ആശ്രയിച്ചാകും ബില്ലിന്റെ ഭാവി.

മുത്തലാഖ് നിരോധനത്തോട് യോജിക്കുമ്പോള്‍ തന്നെ ബില്ലിലെ ചില വ്യവസ്ഥകളോട് ലോക്സഭയിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന വാദം അവര്‍ ശക്തമായി ഉയര്‍ത്തിയില്ല. ബില്‍ ലോക്സഭ പാസാക്കിയ സാഹചര്യത്തില്‍ രാജ്യസഭയ്ക്ക് ബില്‍ പാസാക്കുകയോ സെലക്ട് കമ്മിറ്റിക്ക് വിടുകയോ ചെയ്യാം. 245 അംഗ സഭയില്‍ എന്‍ഡിഎക്ക് 82 അംഗങ്ങള്‍ മാത്രമാണുള്ളത്. എട്ട് നോമിനേറ്റഡ് അംഗങ്ങളെയും ഒഴിവുള്ള ചില സീറ്റുകളെയും മാറ്റിനിര്‍ത്തിയാല്‍ പ്രതിപക്ഷ നിരയില്‍ 150 ഓളം പേരുണ്ട്.

ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് 12 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്. കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനും ഇതേ ആശങ്കയുണ്ട്. 57 അംഗങ്ങളാണ് നിലവില്‍ കോണ്‍ഗ്രസിന് രാജ്യസഭയിലുള്ളത്. ബിജെപിക്കും 57 അംഗങ്ങളുണ്ട്.

ഇടതുപക്ഷ പാര്‍ടികള്‍, ബിജെഡി, എഐഎഡിഎംകെ, ആര്‍ജെഡി, എസ്പി തുടങ്ങിയ കക്ഷികള്‍ മുത്തലാഖ് ബില്‍ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന താല്‍പ്പര്യത്തിലാണ്. ബില്ലിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിന് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് കൂടി എത്തിചേര്‍ന്നാല്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

പ്രധാന വാർത്തകൾ
Top