16 October Tuesday

ഗുജറാത്ത്: വര്‍ഗീയ അജന്‍ഡയുമായി ബിജെപി

എം പ്രശാന്ത്Updated: Tuesday Oct 31, 2017

ന്യൂഡല്‍ഹി > ഡിസംബറില്‍ രണ്ടുഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപിയുടെ വികസന മുദ്രാവാക്യങ്ങള്‍ പാളംതെറ്റുന്നു. 22 വര്‍ഷമായി ഗുജറാത്തില്‍ ഭരണത്തിലുള്ള ബിജെപി സര്‍ക്കാര്‍ വികസന വിഷയങ്ങളില്‍ പിന്നോക്കം പോയെന്ന അഭിപ്രായം വോട്ടര്‍മാരില്‍ ശക്തമാണ്. കറന്‍സി പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും തിരിച്ചടിയായതും സംസ്ഥാനത്ത് ബിജെപിക്ക് ക്ഷീണമായി. ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ വര്‍ഗീയ അജന്‍ഡയിലേക്ക് തെരഞ്ഞെടുപ്പിനെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരായ തീവ്രവാദബന്ധ ആരോപണം ഇതിന്റെ ഭാഗമാണ്.

വര്‍ഗീയത അജന്‍ഡയാക്കിയുള്ള തെരഞ്ഞെടുപ്പുവിജയം മോഡി പലവട്ടം ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. 2002ലെയും 2007ലെയും തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി. 2002ല്‍ ഗോധ്ര സംഭവവും തുടര്‍ന്നുള്ള വംശഹത്യയുമാണ് മോഡിയെ അധികാരത്തിലെത്തിച്ചത്. 2007ല്‍ ഇസ്രത്ത് ജഹാന്‍, സൊറാബുദീന്‍ ഷെയ്ക്ക് തുടങ്ങിയ വ്യാജഏറ്റുമുട്ടല്‍ കേസുകളാണ് തെരഞ്ഞെടുപ്പു വിജയത്തിനായി ഉപയോഗപ്പെടുത്തിയത്. സൊറാബുദീന്‍ എന്ന ക്രിമിനലിനെ താന്‍ എന്തുചെയ്യണമായിരുന്നുവെന്ന് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ മോഡി ആവേശത്തോടെ ചോദിച്ചു. കൊല്ലണം, കൊല്ലണം എന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവേശത്തോടെയുള്ള പ്രതികരണം. സീറ്റുനില വര്‍ധിപ്പിച്ച് മോഡി അധികാരത്തിലെത്തി.
2012ല്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളും യുപിഎ സര്‍ക്കാരിന്റെ അഴിമതിയും അജന്‍ഡയാക്കി. സംഘടനാപരമായി തകര്‍ന്ന  കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞതുമില്ല. വോട്ടുനില ഗണ്യമായി വര്‍ധിപ്പിച്ച് മോഡി വിജയിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ ഉയര്‍ത്തിക്കാട്ടിയതോടെ 26 സീറ്റിലും വിജയിച്ചു.

മോഡി കേന്ദ്രത്തിലേക്ക് മാറിയശേഷമുള്ള ഗുജറാത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ ഭദ്രമല്ല. തൊട്ടടുത്ത പ്രതിപക്ഷ പാര്‍ടിയുമായി 10 ശതമാനത്തിന്റെ വോട്ടകലം സൂക്ഷിക്കുന്നുവെങ്കിലും ബിജെപി നേതൃത്വത്തിന് പഴയ ആത്മവിശ്വാസമില്ല. പട്ടേല്‍, ഒബിസി, ദളിത് വിഭാഗങ്ങളില്‍നിന്നായി യുവനേതാക്കള്‍ കടന്നുവന്നതും അവര്‍ ബിജെപിക്കെതിരായി നിലപാട് സ്വീകരിച്ചതുമാണ് പ്രധാന വെല്ലുവിളി. ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ചത് അടക്കമുള്ള നടപടികളും ഭരണസംവിധാനം നല്ല നിലയിലല്ല എന്ന പ്രതീതി പരത്തിയിട്ടുണ്ട്. കറന്‍സി പിന്‍വലിക്കലും ജിഎസ്ടിയും സൃഷ്ടിച്ച അസ്വാസ്ഥ്യങ്ങള്‍ ഇതിനു പുറമെയാണ്. അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളും സംഘപരിവാറിന് ക്ഷീണമായി.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ നവജാത ശിശുക്കളുടെ കൂട്ടമരണവും ഭരണപരാജയത്തിന്റെ ഉദാഹരണമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 'വികസനം തലതിരിഞ്ഞു, തങ്ങള്‍ വഞ്ചിക്കപ്പെട്ടു' എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ ഘട്ടത്തിലാണ് അഹമ്മദ് പട്ടേലിനെതിരായ പ്രചാരണം അജന്‍ഡയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിനെ പരാജയപ്പെടുത്താനും ബിജെപി കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഭരണപരാജയം മറച്ചുവയ്ക്കാന്‍ ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ ഫലം കാണുക എളുപ്പമല്ല.

പ്രധാന വാർത്തകൾ
Top