21 September Friday

വിദേശസഹായം: തടസ്സം നീക്കണമെന്ന‌് എംപിമാർ

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018

കേരളത്തിൽനിന്നുള്ള എംപിമാർ പി കരുണാകരന്റെയും എ കെ ആന്റണിയുടെയും നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനെ കണ്ടപ്പോൾ

ന്യൂഡൽഹി > പ്രളയക്കെടുതിക്ക‌് വിദേശസഹായം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് കേരളത്തിൽനിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാർ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനെ കണ്ട് ആവശ്യപ്പെട്ടു. പല വിദേശരാജ്യങ്ങളും കേരളത്തെ സഹായിക്കാൻ തയ്യാറാണ്. എന്നാൽ, സഹായം സ്വീകരിക്കുന്നതിൽ ചില തടസ്സങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പി കരുണാകരന്റെയും എ കെ ആന്റണിയുടെയും നേതൃത്വത്തിൽ എംപിമാർ ആഭ്യന്തരമന്ത്രിയെ കണ്ടത്.

കിലോഗ്രാമിന‌് 25 രൂപ നിരക്കിലാണ് കേരളത്തിന‌് റേഷൻഭക്ഷ്യധാന്യം അനുവദിച്ചത്. പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ റേഷൻഭക്ഷ്യധാന്യം സൗജന്യമായി നൽകണം. സൗജന്യമായോ സബ്‌സിഡി നിരക്കിലോ മണ്ണെണ്ണ അനുവദിക്കണം. ഓഖി ദുരന്തത്തിൽ കേരളത്തിനുണ്ടായ കെടുതിയുടെ ഒരുഭാഗമേ കേന്ദ്രം നഷ്ടപരിഹാരമായി നൽകിയിട്ടുള്ളു. പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സഹായം ലഭ്യമാക്കണമെന്നും എംപിമാർ രാജ്‌നാഥ്‌സിങ്ങിനോട് ആവശ്യപ്പെട്ടു.

പ്രാഥമികസഹായം മാത്രമാണ് കേന്ദ്രം ഇപ്പോൾ നൽകിയതെന്നും 1015 ദിവസത്തിനകം മുഖ്യമന്ത്രികൂടി ഡൽഹിയിലെത്തി വിശദമായ ചർച്ച നടത്തിയശേഷം കൂടുതൽ സഹായം നൽകാനുള്ള നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കാർഷികമേഖലയിലെ നഷ്ടത്തിന‌് പൂർണമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിന‌് ദുരന്തനിവാരണ ചട്ടങ്ങളിൽ ഇളവ് നൽകണമെന്ന് കൃഷിമന്ത്രി രാധാമോഹൻസിങ്ങിനോട് എംപിമാർ അഭ്യർഥിച്ചു. വൻതോതിൽ കൃഷി നശിച്ചതിനുപുറമെ കൃഷിഭൂമിതന്നെ ചില സ്ഥലങ്ങളിൽ ഇല്ലാതായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

സൗജന്യറേഷൻ അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനോടും എംപിമാർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ എംപിമാർ കാണും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top