23 September Sunday

നിയമ കമീഷൻ ശുപാർശ: തെരഞ്ഞെടുപ്പ‌് ഒരേസമയം നടത്തണം

സ്വന്തം ലേഖകന്‍Updated: Friday Aug 31, 2018

ന്യൂഡൽഹി
രാജ്യത്ത് ലോക്‌സഭ‐ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തണമെന്ന് നിയമ കമീഷൻ ശുപാർശ. നിലവിലുള്ള ഭരണഘടനാ ചട്ടക്കൂട്ടിൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുകയെന്നത് അസാധ്യമാണ‌്.  അതിനാൽ  ഭരണഘടനയിലും തെരഞ്ഞെടുപ്പ് ചട്ടങ്ങളിലും ആവശ്യമായ  ഭേദഗതികൾ കൊണ്ടുവരണമെന്ന‌് നിയമ മന്ത്രാലയത്തിനു സമർപ്പിച്ച കരട് റിപ്പോർട്ടിൽ കമീഷൻ ആവശ്യപ്പെട്ടു.

ലോക്‌സഭയിലേക്കും ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച‌് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ‌് ശുപാർശ.  തുടർച്ചയായി തെരഞ്ഞെടുപ്പുകൾ നടക്കുന്നത് വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നു. കൂടുതൽ ചെലവുണ്ടാക്കുന്നു എന്നീ കാരണങ്ങളുടെ പേരിലാണ് കേന്ദ്ര സർക്കാർ ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ നിയമ കമീഷന്റെ അഭിപ്രായം തേടിയത്.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം എല്ലാ നിയമസഭകളിലെയും തെരഞ്ഞെടുപ്പ് നടത്തണമെന്ന വാദം അപ്രായോഗികവും  യുക്തിരഹിതവുമാണെന്ന് സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ വ്യക്തമാക്കിയിട്ടുണ്ട്. 

സ്വാതന്ത്ര്യം ലഭിച്ചശേഷം, 1952ലും 1957ലും ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തി. എന്നാൽ, കേരളത്തിൽ 57ൽ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ്‌ സർക്കാരിനെ 356‐ാം വകുപ്പ് ദുരുപയോഗിച്ച് പിരിച്ചുവിട്ടതോടെ ഇതിന്റെ താളംതെറ്റി.

പിന്നീട് പശ്ചിമബംഗാളിൽ രണ്ടു തവണ ജനാധിപത്യവിരുദ്ധമായി സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടു. പല സംസ്ഥാനങ്ങളിലും 356‐ാം വകുപ്പ് ദുരുപയോഗിച്ചു. ഇതോടെ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അസാധ്യമായി.

ഒരേസമയം  തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ നിയമസഭകളുടെ കാലാവധി കൂട്ടാനോ കുറയ്ക്കാനോ ഭരണഘടനാ ഭേദഗതി വേണ്ടിവരും. ലോക്‌സഭയുടെ കാലാവധി അടുത്തവർഷം മെയ് വരെയാണ്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറം എന്നീ സംസ്ഥാന നിയമസഭകളുടെ കാലാവധി ഇക്കൊല്ലം നവംബർ‐  ഡിസംബർ മാസങ്ങളിൽ അവസാനിക്കും. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനോടൊപ്പം നടത്താനാണ‌് ബിജെപി ശ്രമം.

ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ആ സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽനിന്നാണ് ഈ നീക്കം.

സിപിഐ എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ടിഡിപി, ജെഡിഎസ്, എഎപി, സിപിഐ, ഫോർവഡ് ബ്ലോക്ക് എന്നീ പാർടികൾ ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തെ ശക്തമായി എതിർത്തുവരികയാണ‌്. ഭരണഘടനാവിരുദ്ധവും അപ്രായോഗികവും ദുരുദ്ദേശ്യപരവുമാണ് സർക്കാരിന്റെ  നീക്കമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top