16 July Monday

മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ ; സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

ന്യൂഡല്‍ഹി > മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ ലോക്സഭയില്‍ തിടുക്കത്തില്‍ പാസാക്കിയ സര്‍ക്കാര്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ബില്‍ സൂക്ഷ്മപരിശോധനയ്ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ഇടതുപക്ഷ പാര്‍ടികളും കോണ്‍ഗ്രസും മറ്റും നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ രാജ്യസഭയില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

എഐഡിഎംകെ, ഡിഎംകെ, ബിജെഡി, ആര്‍ജെഡി, എസ്പി തുടങ്ങിയ കക്ഷികളും ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലാണ്. രാജ്യസഭ ജനുവരി രണ്ടിന് വീണ്ടും ചേരും.
മൂന്നുവട്ടം തലാഖ് ചൊല്ലി ബന്ധം വേര്‍പിരിയുന്ന രീതി അവസാനിപ്പിക്കണമെന്ന നിലപാടാണ് പൊതുവില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ളത്. എന്നാല്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ പല വ്യവസ്ഥകളുടെയും നിയമ സാധുതയെയാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതിനോടും പല പാര്‍ടികള്‍ക്കും വിയോജിപ്പുണ്ട്.

ബില്‍ എത്രയുംവേഗം പാസാക്കിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 245 അംഗ രാജ്യസഭയില്‍ ബില്‍ പാസാക്കുന്നതിന് 123പേരുടെ പിന്തുണവേണം. നിലവില്‍ 82 അംഗങ്ങള്‍ മാത്രമാണ് എന്‍ഡിഎയ്ക്കുള്ളത്. യുപിഎയിലെ 63 അടക്കം പ്രതിപക്ഷ നിരയില്‍ 163 അംഗങ്ങളാണുള്ളത്. ലോക്സഭയില്‍ ബില്ലിനെ എതിര്‍ക്കാതിരുന്ന തൃണമൂല്‍ രാജ്യസഭയിലും നിലപാട് ആവര്‍ത്തിക്കും. ബില്ലിനെ എതിര്‍ത്ത ബിജെഡിയും എഐഡിഎംകെയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതേ നിലപാട് രാജ്യസഭയിലും ആവര്‍ത്തിച്ചാല്‍ സര്‍ക്കാരിന് ഗുണമാകും.

മുത്തലാഖ് ബില്ലിലെ ശിക്ഷാവ്യവസ്ഥകളുടെ കാര്യത്തില്‍ ലോക്സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി അംഗവും കേന്ദ്ര മന്ത്രിയുമായ എം ജെ അക്ബറും ആശങ്ക പ്രകടമാക്കി. കര്‍ശനശിക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിയമംകൊണ്ട് പ്രയോജനമുണ്ടാകില്ലെന്ന നിലപാടിലാണ് ബിജെപി.
ബില്ലില്‍ ദേഭഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനായി ജനാധിപത്യരീതിയിലുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് മുസ്ളിം വ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു. ബില്ലിനെതിരായി നിയമപോരാട്ടം നടത്തുമെന്ന നിലപാടിലാണ് മുസ്ളിംലീഗ്.  അതേ സമയം ബില്ലിലെ തടവ്വ്യവസ്ഥ പത്തുവര്‍ഷമായി ഉയര്‍ത്തണമെന്ന് ഷിയാ വഖഫ് ബോര്‍ഡ് പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top