23 July Monday

ജനരോഷം: പ്രതിമാസ ഇന്ധനവിലവര്‍ധന ഉപേക്ഷിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

ന്യൂഡല്‍ഹി > പാചകവാതകവില മാസംതോറും നാലു രൂപ കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല എണ്ണക്കമ്പനികളോട് നിര്‍ദേശിച്ചതായി സൂചന. 2018 ജനുവരി ഒന്നുമുതല്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില ഏകീകരിക്കാനും  സബ്സിഡി വെട്ടിച്ചുരുക്കാനും നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാചകവാതകത്തിന് കൂടുതല്‍ വില നല്‍കേണ്ടിവരും.

മേയിലാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് മാസംതോറും നാലു രൂപവീതം കൂട്ടാന്‍ കേന്ദ്രം അനുമതി നല്‍കിയത്. 2018 മാര്‍ച്ചുവരെയോ സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ മാസംതോറും നാലു രൂപ കൂട്ടാനായിരുന്നു ഉത്തരവ്.
ഇതേത്തുടര്‍ന്ന് ഒക്ടോബര്‍മുതല്‍ മുന്‍ ഉത്തരവ് മരവിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചതായി പൊതുമേഖല എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍മുതല്‍ മാസംതോറുമുള്ള വിലവര്‍ധന ഈടാക്കിയിട്ടില്ല. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിനെതുടര്‍ന്നാണ് എല്‍പിജി വിലയില്‍ കഴിഞ്ഞ രണ്ടു മാസമായി വര്‍ധനയുണ്ടായത്.

ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയതിനെതുടര്‍ന്ന് സബ്സിഡിയുള്ള പാചകവാതകത്തിന് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാസംതോറും വിലയില്‍ മാറ്റങ്ങളുണ്ടായതെന്നും പൊതുമേഖലഎണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു.  ഫെബ്രുവരിയില്‍ കര്‍ണാടക, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top