Top
18
Monday, December 2017
About UsE-Paper

അമിത് ഷാ പ്രതിയായ സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി

Thursday Nov 30, 2017
വെബ് ഡെസ്‌ക്‌

മുംബൈ > ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കി. മുംബൈ പ്രത്യേക സിബിഐ കോടതിയാണ് മാധ്യമങ്ങളെ വിലക്കിയത്.

പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷയെതുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകരുടെയും പ്രതികളുടെയും സുരക്ഷയെ ബാധിക്കും. നിലവില്‍ മുന്‍ധാരണയോടെയുള്ള റിപ്പോര്‍ട്ടിങ് മാധ്യമങ്ങള്‍ നടത്തിയെന്നും പ്രതിഭാഗം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ജെ ശര്‍മ വിചാരണ നടപടിറിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

മുമ്പ് കേസ് പരിഗണിച്ച ജസ്റ്റിസ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് ഏറെ വിവാദം ഉയര്‍ന്നിരുന്നു. ലോയയുടെ മരണം സംബന്ധിച്ച് അമിത് ഷായ്ക്കെതിരെ ആരോപണം ഉയര്‍ന്നു. ലോയയുടെ കുടുംബാംഗങ്ങളാണ് മരണം ദുരൂഹമെന്ന് ആരോപിച്ച് രംഗത്തുവന്നത്. കേസില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു ജഡ്ജി മുഖേന അമിത് ഷാ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. ലോയയുടെ ദുരൂഹമരണത്തിനുശേഷം അമിത് ഷായെ കേസില്‍ കുറ്റവിമുക്തമാക്കിയിരുന്നു.

എന്നാല്‍, ഈ സംഭവത്തില്‍ സ്വാഭാവികമരണത്തിന് കൊലപാതകത്തിന്റെ നിറം നല്‍കാനും മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.