20 November Tuesday

കേന്ദ്രത്തിന്റെ ദളിത് വിരുദ്ധനീക്കം ; എതിര്‍പ്പുമായി കൂടുതൽ ഘടക കക്ഷികള്‍

എം പ്രശാന്ത്Updated: Monday Jul 30, 2018



ന്യൂഡൽഹി
പട്ടികവിഭാ​ഗക്കാര്‍ക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിർമാണം നടത്തുന്നതില്‍ വിമുഖത പുലര്‍ത്തുന്ന മോഡിസര്‍ക്കാരിനെതിരെ  കൂടുതൽ എൻഡിഎ ഘടക കക്ഷികൾ രംഗത്തെത്തി. വർഷകാല സമ്മേളനത്തിൽ തന്നെ ഭേദഗതി ബിൽ കൊണ്ടുവരികയോ ഓർഡിനൻസ് പുറപ്പെടുവിക്കുകയോ വേണമെന്നാണ് ആവശ്യം. ദളിത് വിരുദ്ധ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എ കെ ഗോയലിന് പ്രത്യുപകാരമായി നല്‍കിയ ഹരിത ട്രിബ്യൂണൽ അധ്യക്ഷനിയമനം  റദ്ദാക്കണമെന്നും മറ്റ് പ്രതിപക്ഷ പാർടികൾക്കൊപ്പം എൻഡിഎ ഘടകകക്ഷികൾ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ ലോക്ജനശക്തി പാർടിയാണ് ഭേദഗതി ബില്‍ നിര്‍ദേശവുമായി ആദ്യം രം​ഗത്തെത്തിയത്. ജസ്റ്റിസ് എ കെ ഗോയലിനെ മാറ്റുക, നിയമഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യവുമായി  കേന്ദ്ര മന്ത്രിമാരായ രാംദാസ് അതാവലെയും ഉപേന്ദ്ര കുശ്വാഹയും രം​ഗത്തുവന്നു. എൻഡിഎ ഘടക കക്ഷിയായ ജെഡിയുവും ഇതേ ആവശ്യമുന്നയിച്ചു.

കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രിയായ  രാംദാസ്  അതാവലെ റിപ്പബ്ലിക്കൻ പാർടി അതാവലെ വിഭാഗത്തിന്റെ തലവനാണ്. മാനവശേഷി സഹമന്ത്രിയായ കുശ്വാഹ ബിഹാറിലെ രാഷ്ട്രീയ ലോക്സമത പാർടി നേതാവാണ‌്. ഉദിത്ത് രാജ് അടക്കമുള്ള നിരവധി ബിജെപി എംപിമാരും ഗോയലിനെ നീക്കണമെന്നും ഓർഡിനൻസ് കൊണ്ടുവരണമെന്നുമുള്ള ആവശ്യവുമായി രംഗത്തുണ്ട്.

സുപ്രീംകോടതി വിധി മറികടക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യമുയർത്തി വിവിധ ദളിത് സംഘടനകൾ ആഗസ്ത് ഒമ്പതിന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ രണ്ടിനും ഇതേ ആവശ്യമുയർത്തി ഭാരത് ബന്ദ് സംഘടിപ്പിച്ചിരുന്നു. വിവിധ ദളിത് സംഘടനകൾ ഉൾപ്പെടുന്ന ഓൾ ഇന്ത്യാ അംബേദ‌്കർ മഹാസഭയാണ് ബന്ദിന് ആഹ്വാനംചെയ്തത്. ബന്ദിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംവരണ മണ്ഡലങ്ങളിൽനിന്ന് ജയിച്ചിട്ടുള്ള എല്ലാ എംപിമാർക്കും എംഎൽഎമാർക്കും കത്തയ്ക്കുമെന്ന് മഹാസഭാ നേതാവ് അശോക് ഭാരതി അറിയിച്ചു. ഈയൊരു വിഷയത്തിലെങ്കിലും ദളിത് താൽപ്പര്യത്തിനൊപ്പം നിൽക്കണമെന്ന ആവശ്യമാണ് കത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭയിൽ 131 സംവരണ സീറ്റുകളില്‍ 66 സീറ്റിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു ജയം. ഭാരത് ബന്ദിന് പിന്തുണ നൽകണമെന്ന ദളിത് സംഘടനകളുടെ ആവശ്യം ബിജെപി എംപിമാരെ സമ്മർദത്തിലാക്കും. ബന്ദിനെ പിന്തുണച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ പിന്തുണയുണ്ടാവില്ലെന്ന് ദളിത് സംഘടനകൾ വ്യക്തമാക്കി. ഓർഡിനൻസ് ആവശ്യമടക്കം 20 ആവശ്യം മുന്നോട്ടുവെച്ചു കൊണ്ടാണ് ആഗസ്ത് ഒമ്പതിന്റെ ഭാരത് ബന്ദ്.
 

പ്രധാന വാർത്തകൾ
Top