15 November Thursday

ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിശിഷ്ട പദവി: ഇടപെട്ടത് മോഡിയുടെ ഓഫീസ്

സ്വന്തം ലേഖകൻUpdated: Wednesday Aug 29, 2018

ന്യൂഡൽഹി
റിലയൻസ് ഫൗണ്ടേഷൻ തുടങ്ങാനിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വിശിഷ്ട പദവി നൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട്. മാനവവിഭവ വികസന മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും എതിർപ്പുകൾ മറികടന്നുംമാനദണ്ഡങ്ങൾ തിരുത്തിയുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. ഔദ്യോഗികരേഖകൾ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രമാണിത് റിപ്പോർട്ട് ചെയ്തത്.

ജെഎൻയു ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളെ ഒഴിവാക്കി റിലയൻസിന്റെ തുടങ്ങിയിട്ടില്ലാത്ത സ്ഥാപനത്തിന് വിശിഷ്ടപദവി നൽകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളെ ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

സുതാര്യതയ്ക്ക് ശക്തമായ മാനദണ്ഡം, സാമ്പത്തിക പ്രതിജ്ഞാബദ്ധത, പിഴ, ആവശ്യമായ ഭൂമി, വൈദഗ്ധ്യം എന്നിവ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ കർശന നയം വേണമെന്നാണ് മാനവവിഭവ വികസന മന്ത്രാലയവും(എച്ച്ആർഡി) ധനമന്ത്രാലയവും ആവശ്യപ്പെട്ടത്. ഇതിനെ എതിർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് അയഞ്ഞ സമീപനം മതിയെന്ന് ആവശ്യപ്പെട്ടു.
സ്വകാര്യ അപേക്ഷകർക്ക് പര്യാപ്തമായ ഭൂമി ഉണ്ടാകണമെന്ന നിബന്ധനയും തിരുത്തി. മൂന്നുവർഷം കൊണ്ട് വിദ്യാർഥി‐അധ്യാപക അനുപാതം 10:1 എന്നത് കൈവരിക്കണമെന്നത് അഞ്ച് വർഷമായി വർധിപ്പിച്ചു.

സ്വകാര്യസ്ഥാപനങ്ങൾക്കുണ്ടാകേണ്ട കരുതൽ ഫണ്ട് 1,000 കോടി രൂപ എന്നത് 100 കോടി രൂപയായി പ്രധാനമന്ത്രിയുടെ ഓഫീസ് ചുരുക്കി. മറ്റൊരു 1,500 കോടി രൂപ ലഭ്യമാക്കാനാകുമെന്ന് വ്യക്തമാക്കണമെന്നും നിർദേശിച്ചു. പിന്നീട്, കരുതൽ ഫണ്ട് 100 കോടിയിൽനിന്ന് 60 കോടിയിലേക്ക് കുറച്ചു. ഈ കരുതൽ ഫണ്ടിൽ യുജിസിക്ക് പരിശോധന നടത്താമെന്ന മാനദണ്ഡവും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി. വിശിഷ്ടപദവി നൽകുന്ന പൊതു‐സ്വകാര്യ സ്ഥാപനങ്ങളിൽ പദ്ധതികൾ ശരിയായി നടക്കുന്നുണ്ടോയെന്ന് ഓരോ വർഷവും പരിശോധിക്കണമെന്നായിരുന്നു കരട് നിർദേശം. അത് മൂന്ന് വർഷത്തിൽ ഒരിക്കൽ പരിശോധന എന്ന് തിരുത്തി.പൊതുസ്ഥാപനങ്ങൾ അഞ്ചുവർഷത്തിൽ പ്രഖ്യാപിത പദ്ധതി നേട്ടങ്ങൾ കൈവരിച്ചില്ലെങ്കിൽ ഫണ്ട് തിരിച്ചെടുക്കാനും പിഴയീടാക്കാനും മന്ത്രാലയം നിർദേശിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top