25 September Tuesday

ബന്ദിപ്പുരിൽ രാത്രിയാത്ര നിരോധനം തുടരണമെന്ന‌് ശുപാർശ

സ്വന്തം ലേഖകൻUpdated: Saturday Jul 28, 2018

ന്യൂഡൽഹി > ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രാത്രിയാത്ര നിരോധനം നീക്കേണ്ടതില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) ശുപാർശ. നിലവിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ലെന്നും യാത്രയ്ക്കായി സമാന്തരപാത ഉപയോഗിക്കാവുന്നതാണെന്നും എൻടിസിഎ റിപ്പോർട്ടിൽ നിർദേശിച്ചു. എൻടിസിഎ ശുപാർശ അധികരേഖയായി കർണാടകം സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഈ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതതലസമിതിയുടെ അന്തിമറിപ്പോർട്ട് വരുന്നതിനുമുമ്പാണ് എൻടിസിഎ ശുപാർശ സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

വന്യജീവി സംരക്ഷണത്തിന് രാത്രിയാത്രനിരോധനം തുടരേണ്ടത് ആവശ്യമാണെന്ന് എൻടിസിഎ റിപ്പോർട്ടിൽ പറയുന്നു. വന്യമൃഗങ്ങളുടെ ദീർഘകാല സംരക്ഷണത്തിന് നിരോധനം തുടരേണ്ടത് അനിവാര്യമാണെന്നും എൻടിസിഎ ഡെപ്യൂട്ടി ഐജി ശുപാർശ ചെയ്യുന്നു. കടുവസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ബന്ദിപ്പുർ കടുവസങ്കേതത്തിലൂടെ കടന്നുപോകുന്ന എൻഎച്ച്‐212, എൻഎച്ച്‐67 പാതകളിൽ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ യാത്രാവിലക്കേർപ്പെടുത്തിയതെന്ന് കർണാടകസർക്കാർ അവകാശപ്പെട്ടു. ദേശീയപാതയ്ക്കു പകരം കുട്ട, ഗോണിക്കുപ്പവഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തരപാത ഉപയോഗിക്കണം. കർണാടക ഹൈക്കോടതി ഉത്തരവു പ്രകാരം സമാന്തരപാത നവീകരിച്ചിട്ടുണ്ട്. ഈ പാത ഉപയോഗിച്ചാൽ 35 കിലോമീറ്റർമാത്രമേ അധികദൂരം വരുകയുള്ളൂ. രാത്രിയാത്ര നിരോധനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച പ്രത്യേകാനുമതി ഹർജി പരിഗണിച്ച സുപ്രീംകോടതി 2018 ജനുവരിയിൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഉന്നതതലസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.ഉന്നതതലസമിതി റിപ്പോർട്ടുകൂടി പരിഗണിച്ചശേഷം സുപ്രീംകോടതിയാണ് വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.

പ്രധാന വാർത്തകൾ
Top