20 November Tuesday

റഫേൽ ഇടപാട‌്: വില രഹസ്യമാക്കലിൽ സർക്കാർ വാദം പൊളിയുന്നു

സ്വന്തം ലേഖകൻUpdated: Saturday Jul 28, 2018

ന്യൂഡൽഹി > റഫേൽ യുദ്ധവിമാനങ്ങൾക്ക് ആദ്യം നിശ്ചയിച്ചതിന്റെ മൂന്നിരട്ടി വില നൽകിയത് മറച്ചുപിടിക്കാനാണ് വില രഹസ്യമാക്കിവയ്ക്കണമെന്ന വാദം കേന്ദ്രസർക്കാർ ഉയർത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കേന്ദ്രസർക്കാരും ഫ്രഞ്ച് സർക്കാരും 2008 ജനുവരി 25ന‌് ഒപ്പിട്ട കരാറിൽ റഫേൽ വിമാനങ്ങളുടെ വാണിജ്യവില രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. യുദ്ധവിമാനത്തിന്റെ സാങ്കേതികവും തന്ത്രപരവുമായ വിശദാംശങ്ങൾ രഹസ്യമാക്കിവയ്ക്കണമെന്നു മാത്രമാണ് കരാറിലുള്ളത്.

റഫേൽ വിമാനങ്ങളുടെ നിർമാതാക്കളായ ദാസ്സൂദ് കമ്പനി യുപിഎ കാലത്ത്, 2012ൽ നൽകിയ ടെണ്ടറിൽ ഒരു വിമാനത്തിന‌് 526 കോടി രൂപയാണ് കാണിച്ചിരുന്നത്. 36 വിമാനത്തിന‌് 18,940 കോടിയും. വിമാനമൊന്നിനു 1670 കോടിരൂപ നിരക്കിൽ 60,145 കോടി രൂപയ്ക്കാണ് മോഡിസർക്കാർ 36 വിമാനം വാങ്ങിയത്. പൊതുഖജനാവിനു അധികം ചെലവായത് 41,205 കോടിരൂപ. പകുതി തുകയുടെ കരാർ അനിൽ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനു ലഭിച്ചു.  ഇന്ത്യൻ പ്രതിരോധസംഭരണ  ചരിത്രത്തിൽ ഏതെങ്കിലും സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിതെന്ന് റിലയൻസ് തന്നെ സമ്മതിച്ചിട്ടുണ്ട്.
അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഘട്ടത്തിലാണ് ദാസ്സൂദ് കമ്പനിക്ക് ഇന്ത്യയുടെ കരാർ ലഭിച്ചത്. ഫ്രഞ്ച് സർക്കാരും ഇക്കാര്യത്തിൽ അതിയായ താൽപ്പര്യം കാട്ടി. ഇന്ത്യ‐ഫ്രഞ്ച് കരാർ ഒപ്പിട്ട് 10 ദിവസത്തിനുള്ളിൽ ദാസ്സൂദും റിലയൻസ് ഇൻഡസ്ട്രീസും ചേർന്ന് ദാസ്സൂദ് റിലയൻസ് എയ്റോസ്പെയ്സ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. കരാറിന്റെ പകുതി തുകയ്ക്കുള്ള നിർമാണങ്ങൾ ദാസ്സൂദ്  ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ റിലയൻസിനു വിട്ടുകൊടുത്തു. നാഗ്പുരിലെ റിലയൻസിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ നിർമാണപ്രവർത്തനങ്ങൾ നടക്കുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക് സംവിധാനം, എൻജിൻ എന്നിവയാണ് ഇവിടെ നിർമിക്കുക. ഏഴുവർഷം നീണ്ടുനിൽക്കുന്ന നിർമാണജോലികളാണ് ഉദ്ദേശിക്കുന്നത്.

റഫേൽ കരാറിൽ തുടക്കംമുതൽ ദുരൂഹതകൾ നിലനിൽക്കുകയാണ്. 18 വിമാനം പൂർണമായും ഫ്രാൻസിൽ നിർമിക്കുമെന്നും ശേഷിക്കുന്നവ സാങ്കേതികവിദ്യകൈമാറ്റത്തോടെ ഇന്ത്യയിൽ നിർമിക്കുമെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. സാങ്കേതികവിദ്യ ലഭിച്ചാൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് വിമാനങ്ങൾ നിർമിക്കാൻ കഴിഞ്ഞേനെ. കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഫ്രാൻസ്  സന്ദർശനത്തിലാണ് കരാർ ഉറപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതിയുടെ അനുമതി കിട്ടുംമുമ്പാണ് പ്രധാനമന്ത്രി കരാർ ഉറപ്പിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തെ സർക്കാർ വിശദീകരിച്ചിരുന്നത് 24,000 കോടി രൂപയ്ക്ക് 36 വിമാനം ലഭിക്കുമെന്നാണ്. പിന്നീട് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ യെവിസ് ലെഡ്രെയാൻ നടത്തിയ ചർച്ചകളിൽ വില വീണ്ടും വർധിപ്പിച്ചു. വില കൂടുതലും ഇന്ധനക്ഷമത കുറവുമെന്ന ആരോപണം റഫേൽ വിമാനങ്ങൾക്കെതിരെ നിലനിൽക്കുന്നുണ്ട്.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കരാർ ലഭിച്ചിരുന്നെങ്കിൽ ദാസ്സൂദിൽനിന്ന് ലഭിക്കുന്ന സാങ്കേതികവിദ്യ ഭാവി ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ അവസരം ഉണ്ടാകുമായിരുന്നു. പൊതുമേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങളും ലഭിച്ചേനെ. സർക്കാർ എല്ലാ ഇളവുകളും നൽകുന്ന പ്രത്യേക സാമ്പത്തിക മേഖലയിലാണ് റിലയൻസിന്റെ നിർമാണജോലികൾ നടക്കുക. സർക്കാരിനു നികുതിവരുമാനംപോലും കിട്ടില്ല.

പ്രധാന വാർത്തകൾ
Top