19 November Monday

മോഡിയുടെ ജനവിരുദ്ധഭരണം : സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം

സ്വന്തം ലേഖകൻUpdated: Friday Jul 27, 2018



ന്യൂഡൽഹി
ജനവിരുദ്ധ സർക്കാർ നയങ്ങൾക്കും വർഗീയ‐ആൾക്കൂട്ട ആക്രമണങ്ങൾക്കുമെതിരെ കർഷകരും ജവാന്മാരും ദളിതുകളും സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചു. കാർഗിൽ യുദ്ധവിജയത്തിന്റെ അനുസ്മരണദിനത്തിലാണ് രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാനുള്ള പോരാട്ടത്തിന് തുടക്കംകുറിച്ചത്. അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ അംബേദ‌്കർ മഹാസഭ, ഇന്ത്യൻ എക്സ് സർവീസ്മെൻ മൂവ്മെന്റ് എന്നീ സംഘടനകളാണ് സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചത്. കിസാൻസഭയുടെ നേതൃത്വത്തിൽ ആഗസ്ത് ഒമ്പതിനു നടക്കുന്ന ജയിൽ നിറയ്ക്കൽ സമരത്തിന് മറ്റ് രണ്ടു സംഘടനയും പിന്തുണ പ്രഖ്യാപിച്ചു. അതേ ദിവസം ഭാരത് ബന്ദിന് അംബേദ‌്കർ മഹാസഭ ആഹ്വാനം ചെയ്തു.

വർഗീയ‐വിദ്വേഷ പ്രചാരണങ്ങളുടെ പേരിൽ രാജ്യത്ത് പടർന്നുപിടിക്കുന്ന ആൾക്കൂട്ട വിചാരണയ്ക്കും കൊലപാതകങ്ങൾക്കും അറുതിവരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന ബിൽ ഈ ലോക്സഭാ സമ്മേളനത്തിൽ പാസാക്കണം. ക്ഷേമപദ്ധതികൾ നിഷേധിക്കാനും സ്വകാര്യതയും അവകാശങ്ങളും കവരാനും ആയുധമാക്കുന്ന ആധാർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

കാർഷിക മേഖലയിലെ ദുരിതത്തോട് കണ്ണടച്ച നരേന്ദ്ര മോഡി സർക്കാർ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് മിനിമം താങ്ങുവില നൽകാനും കാർഷികവിളകൾ ഏറ്റെടുക്കാനും തയ്യാറാകണമെന്ന് ഹനൻമൊള്ള ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനായി ജവാന്മാരെ ഉപയോഗിക്കുകയാണെന്ന് എക്സ് സർവീസ്മെൻ മൂവ്മെന്റ് നേതാവ് പ്രിയദർശിനി ചൗധരി പറഞ്ഞു. ജവാന്മാരുടെ വിധവകൾ, അംഗഭംഗം വന്ന ജവാന്മാർ, മുൻ ജവാന്മാർ എന്നിവർ നടത്തിയ പ്രതിഷേധത്തെ ലാത്തിച്ചാർജിലൂടെയാണ് അടിച്ചമർത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൺ റാങ്ക് വൺ പെൻഷൻ പൂർണമായി നടപ്പാക്കണമെന്ന് എക്സ് സർവീസ്മെൻ  മൂവ്മെന്റ് ചെയർമാൻ മുൻ മേജർ ജനറൽ സത്ബിർസിങ് പറഞ്ഞു. ഏപ്രിൽ രണ്ടിന്റെ ഭാരത്ബന്ദിന്റെപേരിൽ അറസ്റ്റ് ചെയ്ത ദളിത് പ്രവർത്തകരെ മോചിപ്പിക്കണമെന്ന് അംബേദ‌്കർ മഹാസഭ ചെയർമാൻ അശോക്ഭാരതി പറഞ്ഞു. ചന്ദ്രശേഖർ, ശിവകുമാർ പ്രഥാൻ, സോനും ഉപ്കാർ ബാവ്രെ തുടങ്ങിയവരെ ദേശീയ സുരക്ഷാനിയമം ചുമത്തിയാണ് തടവിലാക്കിയത്. എസ്സി‐എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ലഘൂകരിച്ചത് പിൻവലിക്കണമെന്ന‌് അശോക്ഭാരതി ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top