25 September Tuesday

നരോദപാട്യ കൂട്ടക്കൊല: മൂന്ന് സംഘപരിവാറുകാര്‍ക്ക്‌ 10 വർഷം കഠിനതടവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

അഹമ്മദാബാദ‌് > പ്രമാദമായ നരോദപാട്യ കൂട്ടക്കൊലക്കേസിൽ സംഘപരിവാറുകാരായ മൂന്നു പ്രതികളെ ഗുജറാത്ത‌് ഹൈക്കോടതി 10 വർഷം കഠിനതടവിന‌് ശിക്ഷിച്ചു. പി ജെ രജ‌്പുത‌്, രാജ‌്കുമാർ ചൗമൽ, ഉമേഷ‌് ഭർവാദ‌് എന്നിവരെയാണ‌് ജസ്റ്റിസ‌് ഹർഷ ദേവാനി, എ എസ‌് സുപേഹിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച‌് ശിക്ഷിച്ചത‌്. 

സമൂഹത്തിൽ ഭിന്നിപ്പും കലാപവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കുറ്റകൃത്യമെന്നും ചെറിയ ശിക്ഷ നൽകിയാൽ അത‌് നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിന‌് തുല്യമാകുമെന്നും വിധി പ്രഖ്യാപിച്ച‌് ഡിവിഷൻ ബെഞ്ച‌് നിരീക്ഷിച്ചു. കേസിൽ നേരത്തെ 29 പേരെ കുറ്റക്കാരല്ലെന്നുകണ്ട‌് വെറുതെ വിട്ടിരുന്നു.
പ്രതികൾ കുറ്റക്കാരാണെന്ന‌് ഏപ്രിൽ 20ന‌് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, ശിക്ഷയുടെ കാര്യത്തിൽ പ്രത്യേക വിചാരണ നടത്തണമെന്ന‌് ആവശ്യപ്പെട്ട‌് മൂവരും പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു.

കൊലപാതകം, കലാപം സൃഷ്ടിക്കൽ, ബോധപൂർവം തീയിട്ട‌് നാശമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ‌് മൂവരെയും ശിക്ഷിച്ചത‌്. ഇരകളുടെ ആശങ്കയും വേദനയും കാണാതിരിക്കാൻ കോടതിക്ക‌് കഴിയില്ലെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച‌് നിരീക്ഷിച്ചു.

കേസിൽ ബജ‌്‌രംഗ‌്ദൾ നേതാവ‌് ബാബു ബജ‌്‌രംഗി അടക്കം 16 പേരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. അതേസമയം, കലാപത്തിന്റെ സൂത്രധാരന്മാരിലൊരാളായ ബിജെപി മന്ത്രി മായ കോട‌്‌നാനി അടക്കമുള്ളവരെ വെറുതെവിട്ടത‌് വൻ വിവാദങ്ങൾക്ക‌് വഴിയൊരുക്കിയിരുന്നു. ഗുജറാത്ത‌് കലാപത്തിന്റെ തുടർച്ചയായി 2002 ഫെബ്രുവരിയിലാണ‌് നരോദപാട്യ കൂട്ടക്കൊല അരങ്ങേറിയത‌്. 97 പേരാണ‌് കൊല്ലപ്പെട്ടത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top