20 November Tuesday

അറ്റോർണി ജനറലിന്റെ റിപ്പോര്‍ട്ട്: സുപ്രീംകോടതി ‘ലൈവ് ’ ആക്കാം

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018

ന്യൂഡൽഹി > സുപ്രീംകോടതി നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കോടതിയിലെ നടപടികളും  ഭരണഘടനാ ബെഞ്ചിന്റെ നടപടികളുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്തുതുടങ്ങേണ്ടത്.

ഇതിന്റെ അടിസ്ഥാനത്തിൽ  സുപ്രീംകോടതിയിലെ മറ്റ്‌ ബെഞ്ചുകളിലെയും മറ്റ് കോടതികളിലെയും നടപടികൾ ലൈവാക്കുന്നതിൽ തീരുമാനമെടുക്കാമെന്നും വേണുഗോപാൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തത്സമയസംപ്രേഷണത്തിന്റെ കാര്യത്തിൽ സമഗ്രമായ മാർഗനിർദേശം സമർപ്പിക്കാൻ ചീഫ ്ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് നേരത്തെ അറ്റോർണി ജനറലിനോട് നിർദേശിച്ചിരുന്നു.തുറന്ന കോടതികൾ എന്ന സങ്കൽപ്പം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതികളിലെ തിരക്ക് ഒഴിവാക്കാൻ ഇത് സഹായകമാകുമെന്നും കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അക്കാദമിക ആവശ്യങ്ങൾക്ക് ഇത് സഹായകമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

വൈകാരികത ഉണർത്തിയേക്കാവുന്ന വിഷയങ്ങൾ, ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ, വൈവാഹിക തർക്കങ്ങൾ, പ്രായപൂർത്തിയായവർ ഉൾപ്പെട്ട കേസുകൾ എന്നിവയുടെ കാര്യത്തിൽ സംപ്രേഷണം ഒഴിവാക്കാമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. അഭിഭാഷകരുടെ മോശമായ പെരുമാറ്റം, വൈകാരികമായ സാഹചര്യങ്ങൾ, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്ന് തോന്നലുണ്ടാക്കുന്ന ഘട്ടങ്ങൾ, ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കേസ് നീങ്ങുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലൊക്കെ സംപ്രേഷണം തടയാൻ ജഡ്ജിമാർക്ക് അവസരമൊരുക്കുംവിധം കോടതിനടപടികളേക്കാൾ 70 സെക്കൻഡ‌് വൈകിയാകണം സംപ്രേഷണം പോകേണ്ടത് എന്നും നിർദേശിക്കുന്നു.

മാധ്യമപ്രവർത്തകർ, കക്ഷികൾ, നിയമവിദ്യാർഥികൾ, സന്ദർശകർ, അഭിഭാഷകർ എന്നിവർക്ക് സംപ്രേഷണം കാണാനാകുംവിധം കോടതി പരിസരത്ത് എല്ലാ വിധ സൗകര്യങ്ങളോടെയുമുള്ള മീഡിയാ റൂം സജ്ജീകരിക്കണം. സംപ്രേഷണം സുതാര്യമായ വിചാരണയെ ബാധിക്കുമെന്ന് കണ്ടാൽ സംപ്രേഷണം നിയന്ത്രിക്കാനും താൽക്കാലികമായോ പൂർണമായോ നിർത്തിവയ്ക്കാനും കോടതിക്ക് അവകാശമുണ്ടാകും. കോടതിനടപടികൾ വെബ‌്കാസ്റ്റ‌് രൂപത്തിലോ ആർക്കൈവ് ചെയ്തോ സൂക്ഷിക്കാം. വാർത്ത, സമകാലികം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്ക് മാത്രമായേ വീഡിയോകൾ ഉപയോഗപ്പെടുത്താവൂ. വാണിജ്യാവശ്യങ്ങൾ, പരസ്യം, ഹാസ്യപരിപാടികൾ, വിനോദപരിപാടികൾ, പ്രൊമോഷണൽ ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കരുത്. സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വീഡിയോകൾ പോസ്റ്റിങ്, അപ്ലോഡിങ്, വിതരണം, പരിഷ്കരണം, പ്രസാധനം, പുനഃപ്രസാധനം എന്നിവ പാടില്ല എന്നും റിപ്പോർട്ടിലുണ്ട്.
എജിയുടെ റിപ്പോർട്ട് സ്വീകരിച്ച കോടതി കേസ് വിധി പറയാനായി മാറ്റി. ജോധ്പുരിലെ ദേശീയ നിയമ സർവകലാശാലയിലെ വിദ്യാർഥിയായ സ്വപ്നിൽ ത്രിപാഠിയാണ് കോടതിനടപടികളുടെ തത്സമയ സംപ്രേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.
ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ വീഡിയോ റെക്കോഡിങ് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങും പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരുന്നു. വീഡിയോ റെക്കോഡിങ്ങും തത്സമയ സംപ്രേഷണവും പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാവുന്നതാണെന്ന് കേന്ദ്ര സർക്കാരും അറിയിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top