19 September Wednesday

മല്യക്ക്‌ ജയിലില്‍ ആഡംബരമൊരുക്കി സിബിഐ

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018

ന്യൂഡൽഹി  > ശതകോടികൾ തട്ടിയെടുത്ത് ഇന്ത്യവിട്ട മദ്യരാജാവ് വിജയ് മല്യ തിരിച്ചെത്തിയാൽ ജയിലി‍ൽ പാർപ്പിക്കാൻ ആഡംബരസൗകര്യങ്ങൾ ഒരുക്കിയതായി സിബിഐ.  മല്യക്ക് ജയിലിൽ ടെലിവിഷൻ, പ്രത്യേക കുളിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, വെയിൽ കൊള്ളാൻ മുറ്റം തുടങ്ങിയ സജ്ജീകരണങ്ങളുണ്ടെന്ന്  ലണ്ടനിലെ മജിസ്ട്രേട്ട‌് കോടതിയെ സിബിഐ അറിയിച്ചു.
മുംബൈ ആർതർ റോഡ് ജയിലിലെ 12‐ാംനമ്പർ ബാരക്കിലെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന എട്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യവും സിബിഐ സമർപ്പിച്ചു. ഇന്ത്യയിലെ ജയിലുകൾ വൃത്തിഹീനമാണെന്ന് മല്യ ചൂണ്ടിക്കാട്ടിയതിനെതുടർന്ന് ജയിലിലെ വൃത്തി, മെഡിക്കൽ സൗകര്യം, സുരക്ഷ എന്നിവ വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം വ്യക്തമാക്കുന്ന, പകൽവെളിച്ചത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സിബിഐ സമർപ്പിച്ചത്. 

സിസി ടിവി നിരീക്ഷണം, സുരക്ഷാ ജീവനക്കാർ എന്നിവയുണ്ട്. നാലുനേരം ഭക്ഷണവും നൽകും. കൊടും കുറ്റവാളികൾ, അതീവസുരക്ഷ ആവശ്യമുള്ള കുറ്റവാളികൾ തുടങ്ങിയവരെയാണ് 12‐ാംനമ്പർ ബാരക്കിൽ പാർപ്പിക്കുന്നത്. അടുത്തിടെ ആഭ്യന്തരമന്ത്രാലയം നടത്തിയ സുരക്ഷാവിലയിരുത്തലിന്റെ വിവരങ്ങളും കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഒമ്പതിനായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ 2016 മാർച്ചുമുതൽ ലണ്ടനിലാണ്. ഇയാളെ വിട്ടുകിട്ടാനുള്ള കേസിൽ അറസ്റ്റിലായെങ്കിലും മല്യ ജാമ്യത്തിലാണ്.  മല്യയെ വിട്ടുകിട്ടാനുള്ള കേസിൽ ഡിസംബർമുതൽ ലണ്ടനിലെ കോടതി വാദം കേൾക്കുകയാണ്. സെപ്തംബർ 12ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top