21 September Friday

തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര സമിതി തള്ളി; മുല്ലപ്പെരിയാർ 139 അടി മതി

സ്വന്തം ലേഖകൻUpdated: Friday Aug 24, 2018

ന്യൂഡൽഹി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര സമിതി തള്ളി. നിലവിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് ജലനിരപ്പ് 139 അടിയായി നിലനിർത്താൻ വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന സമിതി യോഗത്തിൽ തീരുമാനമായി. ജലനിരപ്പ് നിയന്ത്രിക്കുന്നതിൽ തമിഴ്നാടിന് വലിയ പാളിച്ച സംഭവിച്ചതായി കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറും ഒന്നിച്ച് തുറക്കേണ്ടിവന്നതാണ് പെരിയാർ തീരത്തെ പ്രളയത്തിന് ഒരു കാരണമെന്നും  ചീഫ്സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നത് സുപ്രീംകോടതിയുടെ ഉത്തരവാണെന്നും അത് പാലിക്കണമെന്നും തമിഴ്നാട് കേന്ദ്ര സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ പ്രളയസാഹചര്യത്തിൽ 142 അടിയിൽ വെള്ളം നിലനിർത്തുന്നത് സംസ്ഥാനത്തിന് വലിയ ഭീഷണിയായി മാറുമെന്ന കേരളത്തിന്റെ വാദം സമിതി അം​ഗീകരിക്കുകയായിരുന്നു.  കേരളത്തെ പ്രതിനിധാനംചെയ‌്ത‌് ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളും മുല്ലപ്പെരിയാർ സാങ്കേതിക വിദഗ്ധൻ ജെയിംസ് വിൽസണും പങ്കെടുത്തു. കേന്ദ്ര ജലകമീഷൻ അധ്യക്ഷൻ, മേൽനോട്ട സമിതി അധ്യക്ഷൻ എന്നിവരും യോഗത്തിൽ സന്നിഹിതരായി.
 ജലനിരപ്പ് നിയന്ത്രിക്കുന്നതിൽ തമിഴ്നാടിന് പാളിച്ച സംഭവിച്ച സാഹചര്യത്തിൽ കേന്ദ്ര ജലകമീഷൻ അധ്യക്ഷനായുള്ള മേൽനോട്ട സമിതിക്ക് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണമെന്ന് കേരളം സ്റ്റാൻഡിങ് കൗൺസൽ ജി പ്രകാശ് മുഖാന്തരം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാർ അംഗങ്ങളായിട്ടുള്ള സമിതി ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ജലനിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ തീരുമാനങ്ങളെടുക്കണം. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിന് ഡാം മാനേജ്മെന്റ് കമ്മിറ്റിക്കും രൂപം നൽകണം. കേന്ദ്ര ജലകമീഷൻ ചീഫ്എൻജിനിയർ തലവനായ മാനേജ്മെന്റ‌്‌ സമിതിയിൽ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് എൻജിനിയർമാരെ അംഗങ്ങളായി ഉൾപ്പെടുത്താം.

സമീപചരിത്രത്തിലൊന്നും അനുഭവപ്പെടാത്ത പ്രളയസ്ഥിതിയാണ് കേരളത്തിലുണ്ടായത്. 1924ലെ പ്രളയം സൃഷ്ടിച്ച കെടുതികളെ മറികടക്കുന്നതായിരുന്നു ഇക്കുറിയുണ്ടായ പ്രളയം. കഴിഞ്ഞ 100 വർഷ കാലയളവിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയമാണിത്. സംസ്ഥാനത്തെ 1564 ഗ്രാമങ്ങളിൽ 774 ഉം വെള്ളത്തിനടിയിലായി. 54 ലക്ഷം പേരെ നേരിട്ട് ബാധിച്ചു. ജനസംഖ്യയുടെ ആറിലൊന്ന് വരുന്നതാണിത്. കേന്ദ്രസേനയ്ക്കും സംസ്ഥാന പൊലീസിനും ദുരന്തനിവാരണ സേനയ്ക്കുംപുറമെ 600 ബോട്ടുകളിലായി 1400 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കാലവർഷക്കെടുതികളിൽ 373 പേർ മരിച്ചു. 32 പേരെ കാണാതായി. 3941 ക്യാമ്പുകളിലായി 12.5 ലക്ഷം പേർ കഴിയുന്നുണ്ട്. 19500 കോടിയുടെ നഷ്ടമുണ്ട്. 66 ടിഎംസി മാത്രം സംഭരണശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശം 624 ചതുരശ്ര കിലോമീറ്ററാണ്. 51.54 ടിഎംസി ശേഷിയുള്ള ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 650 ചതുരശ്ര കിലോമീറ്ററാണ്. കൂടിയ വൃഷ്ടിപ്രദേശവും കുറഞ്ഞ സംഭരണശേഷിയുമാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ അപകടഭീഷണിയാക്കി മാറ്റുന്നത്. 136 അടിയിൽ വെള്ളമെത്തിയ ഘട്ടത്തിൽ ജലമൊഴുക്കി കളയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ഇത് ചെവിക്കൊണ്ടില്ല. വളരെ പെട്ടെന്ന് ജലനിരപ്പ് 139 അടിയിലേക്കും അതിന് മുകളിലേക്കുമായി ഉയർന്നു. തുടർന്ന് ആഗസ്ത് 15ന് പുലർച്ചെ 13 ഷട്ടറുകളും ഒന്നിച്ച് ഉയർത്തി. തമിഴ്നാടിന്റെ ഈ നടപടി കാരണം ഇടുക്കി അണക്കെട്ടിൽനിന്ന‌് കൂടുതൽ വെള്ളം ഒഴുക്കേണ്ടതായിവന്നു. പ്രളയകാരണങ്ങളിൽ ഒന്നായി ഇത് മാറി. 136 അടിയായപ്പോൾത്തന്നെ വെള്ളം ഒഴുക്കിവിട്ടിരുന്നെങ്കിൽ ആളുകളെ ഒഴിപ്പിക്കുന്നതിനും മറ്റും കേരളത്തിൽ കൂടുതൽ സാവകാശം കിട്ടുമായിരുന്നു‐ സത്യവാങ്മൂലത്തിൽ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top