23 September Sunday

എക്കാലവും മലയാളത്തിന്റെ സ്നേഹിതൻ

എം പ്രശാന്ത്Updated: Friday Aug 24, 2018

ന്യൂഡൽഹി > അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത പകൽ. എക്സ്പ്രസ് ന്യൂസ് സർവീസ് എഡിറ്റായ കുൽദീപ് നയ്യാർ തലസ്ഥാന നഗരിയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളെല്ലാം കയറിയിറങ്ങി. അടുത്ത പകൽ പത്തുമണിക്ക് പ്രസ്ക്ലബ്ബിൽ ഹാജരാകുകയെന്ന നിർദേശം സഹപ്രവർത്തകർക്ക് മുന്നിൽവച്ചു. ജനാധിപത്യാവകാശങ്ങൾക്കും മാധ്യമസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന അടിയന്തരാവസ്ഥാപ്രഖ്യാപനത്തിനെതിരായ പ്രതിഷേധമായിരുന്നു ലക്ഷ്യം. കുൽദീപ് അടക്കമുള്ള ചില മുതിർന്ന മാധ്യമപ്രവർത്തകരെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പരസ്യമായി ആക്ഷേപിച്ചുവെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു ഈ നീക്കം. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടർന്ന് അഭിനന്ദിക്കാനായി ചെന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരോട് “എവിടെ നിങ്ങളിലെ വരിഷ്ഠ പത്രക്കാർ. ഒരാളും കുരയ്ക്കുന്നില്ലല്ലോ’ എന്ന് ഇന്ദിര പരിഹസിച്ചിരുന്നു.

കുൽദീപിനെ പോലും അമ്പരപ്പിച്ച് ഭരണകൂടഭീഷണികൾ വകവയ്ക്കാതെ നൂറിലേറെ മാധ്യമപ്രവർത്തകരാണ് പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നത്. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കുൽദീപ് അവതരിപ്പിച്ച പ്രമേയം യോഗം കൈയടിച്ച് അംഗീകരിച്ചു. പ്രമേയം അധികാരികൾക്ക് അയച്ചുകൊടുത്തു. തലസ്ഥാന നഗരിയിലെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം  ഇന്ദിര ഗാന്ധിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അന്ന് രാത്രിതന്നെ കുൽദീപിന്റെ വീട്ടിൽ പൊലീസെത്തി. അറസ്റ്റുചെയ്ത് ആദ്യം തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് തിഹാർ ജയിലിലേക്കും മാറ്റി. ജയിൽവാസം മൂന്നുമാസം നീണ്ടു.

ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ കുൽദീപ് കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചയാണ്. തുടക്കത്തിൽ അടിയന്തരാവസ്ഥയെ എതിർത്ത പലരും നിലപാട് മാറ്റി നിശ്ശബ്ദരായിരിക്കുന്നു. പുറത്തിറങ്ങിയ കുൽദീപ് കൂടുതൽ ശക്തിയായി അടിയന്തരാവസ്ഥയെ എതിർത്തു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയ്ക്കുമുന്നിൽ നടുവളയ്ക്കാൻ വിസമ്മതിച്ച ചുരുക്കം മാധ്യമപ്രവർത്തകരിലൊരാളെക്കൂടിയാണ് കുൽദീപിന്റെ വിയോ​ഗത്തിലൂടെ നഷ്ടമാകുന്നത്. ഇന്ദിരയുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന കുൽദീപ് എന്നാൽ ഏകാധിപത്യ പ്രവണതകളെയും നിലപാടുകളെയും ശക്തമായി ത്തന്നെ വിമർശിച്ചു. നിർഭയ മാധ്യമപ്രവർത്തനത്തിന്റെ പാഠങ്ങൾ ഒരു തലമുറയ്ക്കാകെ പകർന്നുനൽകിയ കുൽദീപ് 95‐ാം വയസ്സിലും കർമനിരതനായിരുന്നു. ഡൽഹിയിലെ മലയാള മാധ്യമപ്രവർത്തകരുമായി അടുത്ത സൗഹൃദബന്ധമാണ് കുൽദീപിനുണ്ടായിരുന്നത്. കേരളത്തിന്റെ പുരോഗമന മതേതര മനസ്സിനെ കുൽദീപ് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

കേരളത്തിൽ മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ച ഘട്ടത്തിൽ ഡൽഹിയിൽ മലയാള മാധ്യമപ്രവർത്തകർ “മാധ്യമസ്വാതന്ത്ര്യം’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷകനായി കുൽദീപ് എത്തി. കേരളത്തിൽനിന്ന് മീഡിയ അക്കാദമി വിദ്യാർഥികൾ അടുത്തയിടെ ഡൽഹി സന്ദർശനം നടത്തിയപ്പോൾ അവരുമായി കൂടിക്കാഴ്ചയ്ക്കും ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ അദ്ദേഹം തയ്യാറായി. സമകാലിക രാഷ്ട്രീയസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണമാരാഞ്ഞ് ഏതുസമയം ഫോണിൽ ബന്ധപ്പെട്ടാലും മടികൂടാതെ തന്റെ നിലപാടുകൾ കുൽദീപ് വ്യക്തമാക്കി. ഇന്ത്യൻ മാധ്യമലോകത്തിന് എക്കാലവും അഭിമാനമായ യുഗപുരുഷനെയാണ് കുൽദീപിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്.

പ്രധാന വാർത്തകൾ
Top