21 November Wednesday

അഭിമന്യുവിനായി തെലുങ്ക്‌ വിപ്ലവഗാനമൊരുക്കി ഹൈദരാബാദ്‌ സർവകലാശാലയിലെ എസ്‌എഫ്‌ഐ‐ Video

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018

കൊച്ചി > ധീര രക്തസാക്ഷി അഭിമന്യുവിന്‌ അഭിവാദ്യമർപ്പിച്ച്‌ തെലുങ്കാന പോരാട്ടഭൂമിയിൽ നിന്നും ഒരു തെലുങ്ക്‌ വിപ്ലവഗാനം. ഹൈദരാബാദ്‌ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ അഭിമന്യുവിന്‌ സ്‌മരണാഞ്ജലിയായി പാട്ടൊരുക്കിയത്‌.

എസ്‌എഫ്‌ഐ എച്ച്‌സിയു മുൻ യൂണിറ്റ്‌ സെകട്ട്രറിയായ സായ്‌ കുമാർ യമാർതി, ഷെയ്‌ക്ക്‌ ജോൺ ബഷീർ, ശിവ സായ്‌ റാം എന്നിവർ ചേർന്ന്‌ ഈ വിപ്ലവഗാനം ആലപിക്കുന്ന വീഡിയോയാണ്‌ ഫേസ്‌ബുക്കിൽ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. തെലുങ്ക്‌ ഭാഷയുടെ സൗന്ദര്യവും തെലുങ്കാനയുടെ പോരാട്ടവീര്യവും ഒത്തുചേർന്നതാണ്‌ ഗാനം എഴുതിയിരിക്കുന്നത്‌ സായ്‌ കുമാർ യമാർതിയും ഷെയ്‌ക്ക്‌ ജോൺ ബഷീറും ചേർന്നാണ്‌. 

എച്ച്‌സിയുവിൽ ഗവേഷക വിദ്യാർഥിയായ എം മനോജൻ തന്റെ പിഎച്ച്‌ഡി തിസീസ്‌ അവതരണത്തിൽ അഭിമന്യുവിന്‌ സ്‌മരണാഞ്ജലിയർപ്പിച്ച്‌ ‘‘വർഗീയത തുലയട്ടെ’’ എന്ന മുദ്രാവാക്യവും അഭിമന്യുവിന്റെ ചിത്രവും ഉൾപ്പെടുത്തിയത്‌ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ്‌ അഭിമന്യുവിന്‌ വിപ്ലവാഭിവാദ്യം അർപ്പിക്കുന്ന തെലുങ്ക്‌ ഗാനം എച്ച്‌സിയു വിദ്യാർഥികൾ തയ്യാറാക്കിയിരിക്കുന്നത്‌.

മഹാരാജാസ്‌ കോളേജിൽ വർഗീയ സംഘടനയായ ക്യാമ്പസ്‌ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ രക്തസാക്ഷിത്വം വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിന്‌ ആവേശം പകരുന്ന കാഴ്‌ചയാണ്‌ രാജ്യമെങ്ങും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അഭിമന്യു ലൈബ്രറിയിലേക്ക്‌ പുസ്‌തകങ്ങളും സംഭാവനയായി ലഭിച്ചു. മതേതര‐പുരോഗമന രാഷ്‌ട്രീയം ഉയർത്തുന്ന നിരവധി സംഘടനകളും കൂട്ടായ്‌മകളും ഈ ഉദ്യമത്തിൽ പങ്കുചേർന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top