Top
24
Wednesday, January 2018
About UsE-Paper
ഇസിജി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും തിരുത്ത്

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം: ഗസ്റ്റ്ഹൌസിലെ രജിസ്റ്ററില്‍ കൃത്രിമം

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊറാബുദീന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസ് വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാഗ്പുരില്‍ ലോയ താമസിച്ച സര്‍ക്കാര്‍ ഗസ്റ്റ്ഹൌസായ രവിഭവനിലെ രജിസ്റ്ററില്‍ കൃത്രിമം നടന്നുവെന്ന് തെളിഞ്ഞു. ഇസിജി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ തീയതികളിലും തിരുത്തുണ്ട്. ലോയ ഗസ്റ്റ് ഹൌസിലുണ്ടായിരുന്ന  ദിവസം അവിടെ താമസിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള പൂര്‍ണവിവരം രജിസ്റ്ററിലില്ല. ലോയ മരിച്ച 2014 നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും ഇടയിലുള്ള രാത്രിയില്‍ പുലര്‍ച്ചെ 1.38ന് ഗസ്റ്റ്ഹൌസില്‍ എത്തിയവരുടെ വിവരങ്ങളാണ് രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത്. 'കാരവന്‍' ആണ് ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്.

രജിസ്റ്ററില്‍ ഒന്നു മുതല്‍ 44 വരെ പേജുകളില്‍ എല്ലാ കോളങ്ങളിലും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 45, 46 പേജുകളില്‍ മൂന്ന് കോളങ്ങളിലെ വിവരങ്ങളാണ്  അപൂര്‍ണം. ജഡ്ജിമാരായ എസ് കുല്‍ക്കര്‍ണിയുടെയും എസ് ഫല്‍സാല്‍ക്കര്‍ ജോഷിയുടെയും പേരുകള്‍ രജിസ്റ്ററിലുണ്ട്. 10, 20 നമ്പര്‍ സ്യൂട്ടുകളാണ് അനുവദിച്ചത്. മറ്റൊരു പേര് ഒരു പിഡബ്ള്യൂഡി എന്‍ജിനിയറുടേതാണ്. അപൂര്‍ണമായ അടുത്ത പേര് ബാബസാഹബ് അംബേദ്കര്‍ മിലിന്ദ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ മൊബൈല്‍ നമ്പരോ മറ്റു തിരിച്ചറിയല്‍ വിവരങ്ങളോ രജിസ്റ്ററിലില്ല. താമസക്കാരന്റെ ഒപ്പ്, മുറി നല്‍കിയ ജീവനക്കാരന്റെ പേര്, ഇയാള്‍ മുറിവിട്ടുപോയത് എപ്പോഴാണ് തുടങ്ങിയ വിവരങ്ങളുമില്ല. താമസത്തിന് പണവും അടച്ചില്ല. തീയതിയില്‍ 2014ന് പകരം 2017 എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദണ്ഡേ ആശുപത്രിയിലും പിന്നീട് മരണശേഷം മെഡിട്രീന ആശുപത്രിയിലുമാണ് ലോയയെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം സ്ഥിരീകരിക്കുന്ന ദണ്ഡേ ആശുപത്രിയിലെ ഇസിജി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ തീയതിയും തെറ്റാണ്. നവംബര്‍ 30 പുലര്‍ച്ചെ 5.11 എന്ന് സമയം രേഖപ്പെടുത്തിയത് സാങ്കേതിക തകരാറാണെന്നാണ് ആശുപത്രിയുടെ ഉടമ പിനാക് ദണ്ഡേ അവകാശപ്പെടുന്നത്. പിനാക് ദണ്ഡേ ആര്‍എസ്എസ് അനുഭാവിയാണെന്നും കാരവന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര മെഡിക്കല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെയും ശിവസേനയുടെയും പിന്തുണയിലാണ് പിനാക് മത്സരിച്ചത്്. ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തീയതി തിരുത്തിയിട്ടുണ്ട്. മരണം സംഭവിച്ചത് നവംബര്‍ 30 എന്നത് ഡിസംബര്‍ ഒന്ന് എന്നാണ് തിരുത്തിയത്. 

കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. എന്നാല്‍, ഇതുവരെ ലോയയ്ക്ക് ഒപ്പമുണ്ടായിരുന്നവരുടെയോ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

Related News

കൂടുതൽ വാർത്തകൾ »