21 November Wednesday

പെരിയാറിൽ പ്രളയമുണ്ടാക്കിയത‌് മഴവെള്ളം; ഡാമുകൾ നിയന്ത്രിച്ചു

ഡി ദിലീപ‌്Updated: Thursday Aug 23, 2018

കൊച്ചി>ആഗസ‌്ത‌് ഒമ്പതുമുതൽ 12 ദിവസം ഇടുക്കി ഡാമിലേക്ക‌് ഒഴുകിയെത്തിയത‌് ഡാമിന്റെ സംഭരണശേഷിയുടെ 50 ശതമാനത്തിലധികം വെള്ളം. ഇടമലയാറിൽ 60 ശതമാനവും. ഡാമിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമാണ‌് ഇത്ര നീരൊഴുക്ക‌്. ആഗസ‌്ത‌് 15 , 16 തീയതികളിൽ ഇടുക്കി ഡാമിൽമാത്രം സെക്കൻഡിൽ 3000 ക്യുബിക‌് മീറ്ററിലധികം (ക്യൂമെക‌്സ‌്) വെളളം ഒഴുകിയെത്തി. ഇടമലയാറിൽ 1200 ക്യൂസെക‌്സും.  ഇവിടെ രണ്ടിടത്തുനിന്ന‌് തുറന്നുവിട്ടതാകട്ടെ 2500﹣2900 ക്യൂസെക‌്സ‌് വെള്ളംവീതംമാത്രം. ഇടുക്കിയിൽ 1600ഉം ഇടമലയാറിൽ 1000 ക്യുസെക‌്സും. സെക്കൻഡിൽ ഒഴൂകിയെത്തിക്കൊണ്ടിരുന്ന 1500﹣1600 ക്യൂബിക‌്  മീറ്റർ വെള്ളം ഇരുഡാമുകളും ചേർന്ന‌് നിയന്ത്രിച്ച‌് ഒഴുക്കിവിടുകയായിരുന്നുവെന്ന‌് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, ഇവ ചെന്നുചേരുന്ന കോതമംഗലത്തെ  ഭൂതത്താൻകെട്ടിൽ ഈ ദിവസങ്ങളിൽ സെക്കൻഡിൽ 7000 ക്യുബിക‌് മീറ്റർ വെള്ളമാണ‌് നിറഞ്ഞൊഴുകിയത‌്. ഇരുഡാമുകളിൽനിന്ന‌് ഒഴുകിയെത്തിയതിലും ഇരട്ടിയിലധികം ഇടുക്കിയിലും എറണാകുളത്തിന്റെ കിഴക്കൻമേഖലകളിൽനിന്നും മഴവെള്ളമായി ഒഴുകിയെത്തിയെന്നർഥം. ഇതാണ‌് കോതമംഗലംമുതൽ പറവൂർവരെയുള്ള ഭാഗങ്ങളിൽ പ്രളയമായി നാശംവിതച്ചത‌്. ഡാമുകൾ  നിയന്ത്രിച്ച 1400 ക്യുബിക‌് മീറ്റർ വെള്ളംകൂടി ഭൂതത്താൻകെട്ടിലേക്ക‌് ഒഴുകിയെത്തിയിരുന്നുവെങ്കിൽ അവിടെ ഒഴുക്ക‌് 8400 ക്യൂമെക‌്സാകുമായിരുന്നു. 1924ലേതിനേക്കാൾ വലിയ പ്രളയത്തിനും അത‌് ഇടയാക്കുമായിരുന്നു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  കണക്കുപ്രകാരം ആഗസ‌്ത‌് ഒന്നുമുതൽ 19 വരെയുള്ള ദിവസങ്ങളിൽ  164 ശതമാനം അധികം മഴയാണ‌് കേരളത്തിൽ പെയ‌്തത‌്. മൺസൂൺകാലമായ ജൂൺ ഒന്നുമുതൽ ആഗസ‌്ത‌് 19 വരെ പെയ്തത് 2346.6 മി.മീ. മഴ;  ഇത‌്  42 ശതമാനം അധികമാണ‌്.  1924 ലെ മൺസൂൺ കാലത്ത് ലഭിച്ചത് 40 ശതമാനം അധികം മഴ മാത്രമാണ‌് എന്നറിയുമ്പോഴാണ‌് നാം എത്ര വലിയ ദുരന്തമാണ‌് തരണംചെയ‌്തതെന്ന‌്  ബോധ്യപ്പെടുന്നത‌്. 9 , 15, 16, 17 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ അളവ് ആരെയും ഞെട്ടിക്കും. 16ന് 33 പ്രദേശങ്ങളിലാണ് 11.5 സെന്റീമീറ്ററിൽ അധികം മഴ പെയ്തത്. 17ന് 27 പ്രദേശങ്ങളിലും 11.5 സെ.മീ.ൽ അധികം മഴ പെയ്തു. ഡാമുകളിലെ വൃഷ്ടിപ്രദേശങ്ങളിലും പുഴകളുടെ താഴെയുള്ള വൃഷ്ടിപ്രദേശങ്ങളിലും ഒരേപോലെ പെയ്തിറങ്ങിയ മഴയാണ് പ്രളയമായി മാറിയതെന്ന‌് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top