Top
20
Saturday, January 2018
About UsE-Paper

രാജ്യസഭാ സ്തംഭനം തുടരുന്നു : സച്ചിന് സംസാരിക്കാനായില്ല

Friday Dec 22, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പുപറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് വ്യാഴാഴ്ചയും രാജ്യസഭ സ്തം ഭിപ്പിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും പൂര്‍ണമായും മുടങ്ങി. രണ്ടിന് സഭ ചേര്‍ന്നപ്പോള്‍ രാജ്യത്ത് സ്പോര്‍ട്സിന്റെ ഭാവി എന്ന വിഷയത്തില്‍ ഹ്രസ്വചര്‍ച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കാന്‍ നോമിനേറ്റഡ് അംഗമായ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധത്താല്‍ തുടരാനായില്ല. അഞ്ചുവര്‍ഷമായി എംപിയാണെങ്കിലും വല്ലപ്പോഴും മാത്രം സഭയിലെത്തുന്ന സച്ചിന്റെ കന്നിപ്രസംഗമായിരുന്നു വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്.

പ്രധാനപ്പെട്ട വിഷയമാണ് സച്ചിന്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്നും രാജ്യമാകെ ആദരിക്കുന്ന അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതിഷേധത്തില്‍നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് സഭ വെള്ളിയാഴ്ച ചേരുന്നതിനായി പിരിഞ്ഞു.

ലോക്സഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ചോദ്യോത്തരവേളയും ശൂന്യവേളയും മുടക്കമില്ലാതെ നടന്നു. രണ്ടിനുശേഷം നടന്ന ധനാഭ്യര്‍ഥനചര്‍ച്ചയില്‍ കോണ്‍ഗ്രസ് പങ്കെടുത്തു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. എന്നാല്‍, സ്പീക്കര്‍ സുമിത്ര മഹാജന്‍ ചോദ്യോത്തരത്തിലേക്ക് കടന്നു. ഇത് എന്ത് നീതിയാണെന്ന ചോദ്യവുമായി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നു. വിഷയം ഉന്നയിക്കാന്‍ അനുവദിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും സിന്ധ്യ പറഞ്ഞു. ശൂന്യവേളയിലും പ്രതിഷേധം തുടര്‍ന്നെങ്കിലും സ്പീക്കര്‍ അവസരം നല്‍കിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

Related News

കൂടുതൽ വാർത്തകൾ »