26 September Wednesday

സാനിറ്ററി നാപ്കിന്‌ ജിഎസ്ടിയില്ല; 17 ഉൽപ്പന്നത്തിന്റെ നികുതി കുറച്ചു

സ്വന്തം ലേഖകന്‍Updated: Sunday Jul 22, 2018

ന്യൂഡൽഹി > സാനിറ്ററി നാപ്കിനെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. ജിഎസ്ടി കൗൺസിലിന്റെ 28‐ാം യോഗത്തിലാണ് തീരുമാനം. 12 ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്‌. വ്യാപകപ്രതിഷേധത്തെതുടർന്നാണ് സാനിറ്ററി നാപ്കിനുകളുടെ നികുതി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്‌.

17 ഉൽപ്പന്നത്തിന്റെ നികുതി കുറച്ചു. മുളയുടെ നികുതി 12 ശതമാനമായി കുറച്ചു. മാർബിൾ, കല്ല്, തടി എന്നിവകൊണ്ടുള്ള വിഗ്രഹങ്ങൾ, വില കുറഞ്ഞ രാഖി എന്നിവയുടെ നികുതിയും പൂർണമായി നീക്കി. പെയിന്റ്, സൗന്ദര്യവർധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, വാട്ടർ കൂളർ, റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്‌സർ, വാട്ടർ ഹീറ്റർ, ഐസ്‌ക്രീം ഫ്രീസർ, വാർണിഷ്, വാക്വം ക്ലീനർ, ലിഥിയം ബാറ്ററി തുടങ്ങിയവയുടെ നികുതി 28ൽനിന്ന് 18 ശതമാനമാക്കി.

ഇറക്കുമതിചെയ്യുന്ന യൂറിയയുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു. പെട്രോൾ, ഡീസൽ ഉൽപ്പാദനത്തിനായി കമ്പനികൾക്ക് നൽകുന്ന എത്തനോളിന്റെ നികുതി 18ൽനിന്ന് അഞ്ച് ശതമാനമാക്കി. വളത്തിനുള്ള ഫോസ്‌ഫോറിക് ആസിഡ്, കൈത്തറി, പരവതാനി എന്നിവയുടെ നികുതി 12ൽനിന്ന് അഞ്ച് ശതമാനമാക്കി. ജൂലൈ 27ന‌് നിലവിൽ വരും.

ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ളവരെ കോംപസിഷൻപദ്ധതിയിൽപെടുത്തി. അഞ്ച് കോടി രൂപവരെ വിറ്റുവരവുള്ളവർ  പ്രതിമാസം നികുതി ഒടുക്കണമെങ്കിലും മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. ഇതോടെ 93 ശതമാനം വ്യാപാരികളും മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതിയാകും. ഒന്നരക്കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവരുടെ റിട്ടേൺ ഫോം ലളിതമാക്കി.

ജിഎസ്ടി സംവിധാനത്തിൽ  ഇതുവരെ ചേരാത്തവർക്ക് ആഗസ്ത് 31 വരെ പിഴയില്ലാതെ  രജിസ്റ്റർ ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top