Top
16
Saturday, December 2017
About UsE-Paper

യുപിയില്‍ പോത്തിറച്ചിക്കും വിലക്ക്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ഗോവധ നിരോധനത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ പോത്തിറച്ചിക്കും വിലക്ക്. നോയ്ഡക്കടുത്ത് ദാദ്രിയില്‍ കഴിഞ്ഞ ദിവസം വിവാഹസല്‍ക്കാരത്തിന് പോത്തിറച്ചി വിളമ്പുന്നത് പൊലീസെത്തി തടഞ്ഞു. അനധികൃത കശാപ്പുശാലകള്‍ പൂട്ടിക്കുന്നുവെന്ന പേരിലുള്ള നടപടികളെതുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം കോഴിയിറച്ചി വില്‍പ്പനകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് അറിയാതെ അമ്പരപ്പിലാണ് ജനങ്ങള്‍.

വിവാഹത്തലേന്ന് പൊലീസെത്തി പോത്തിറച്ചി വിളമ്പുന്നത് തടഞ്ഞതിനാല്‍ ദാദ്രിയില്‍ നാസര്‍ മുഹമ്മദ് എന്ന ഗ്രാമീണന് തന്റെ മകളുടെ വിവാഹസല്‍ക്കാരം പേരിനുമാത്രമായി നടത്തേണ്ടിവന്നു. പോത്തിറച്ചി ബിരിയാണിയാണ് വിരുന്നിന് ഏര്‍പ്പാട് ചെയ്തിരുന്നത്. പൊലീസുകാരെത്തി പോത്തിറച്ചി വിളമ്പരുതെന്ന് ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ മറുവഴി തേടി. കോഴിയിറച്ചി ഉപയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ആവശ്യത്തിന് കോഴിയിറച്ചി ലഭ്യമായില്ല.

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, വരന്റെ പിതാവിനെ വിളിച്ച് അതിഥികളുടെ എണ്ണം കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. 200 അതിഥികളെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത് ഇരുപതാക്കി ചുരുക്കി. എന്നാല്‍, പോത്തിറച്ചി വിളമ്പരുതെന്ന് തങ്ങള്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് പൊലീസ്ഭാഷ്യം. ഭയം കാരണമാണ് നാസര്‍ അഹമ്മദ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ദാദ്രി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സഞ്ജയ് ത്യാഗി പറയുന്നു. സംസ്ഥാനത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതായി പൊലീസ്തന്നെ സമ്മതിക്കുകയാണ്. അതേസമയം, പോത്തിറച്ചി വിളമ്പാന്‍ അനുമതി തേടി ദാദ്രി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെന്നും അനുകൂലപ്രതികരണം ഉണ്ടായില്ലെന്നും നാസര്‍ അഹമ്മദിന്റെ ബന്ധുക്കള്‍ പറയുന്നു.

ബക്രീദിന് വീട്ടില്‍ മാട്ടിറച്ചി ഉപയോഗിച്ചുവെന്ന് ആരോപിച്ച് 2015ല്‍ മുഹമ്മദ് അഖ്ലാക് എന്ന ഗൃഹനാഥനെ ഇടിച്ചുകൊന്നത് ദാദ്രിയിലാണ്.

Related News

കൂടുതൽ വാർത്തകൾ »