Top
26
Monday, June 2017
About UsE-Paper

യമുനാതീരം നശിപ്പിക്കല്‍ : ശ്രീ ശ്രീ രവിശങ്കറിന് ഹരിത ട്രിബ്യൂണലിന്റെ രൂക്ഷവിമര്‍ശം

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > യമുനാതീര പരിസ്ഥിതി നശിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷനും ശ്രീ ശ്രീ രവിശങ്കറിനും ദേശീയ ഹരിതട്രിബ്യൂണലിന്റെ രൂക്ഷ വിമര്‍ശം. 'ഒരുതരത്തിലുള്ള ഉത്തരവാദിത്തവുമില്ലാത്ത ആള്‍ക്കാരാണ് നിങ്ങള്‍, എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്യ്രം ആരാണ് നിങ്ങള്‍ക്ക് നല്‍കിയത്' ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ ചോദിച്ചു. ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷന് പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ നടപടിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആരോപിച്ചത് പരാതിക്കാരന്‍ മനോജ് മിശ്രയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

ഹരിത ട്രിബ്യൂണലിനെ വിമര്‍ശിച്ച ശ്രീ ശ്രീ രവിശങ്കര്‍ ഇതേ പ്രസ്താവന ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷന്‍ വെബ്സൈറ്റിലും സ്വന്തം ഫെയ്സ്ബുക്ക് അക്കൌണ്ടിലും നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഫൌണ്ടേഷനോടും ബന്ധപ്പെട്ട കക്ഷികളോടും ഇക്കാര്യത്തില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ചില നിഗമനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുകമാത്രമാണ് ചെയ്തതെന്ന് ഫൌണ്ടേഷന്‍ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷനെ അറിയാത്തവരാണ് സംഘടനയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് ആക്ഷേപിക്കുന്നതെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു.

ആര്‍ട്ട് ഓഫ് ലിവിങ് ഫൌണ്ടേഷന്‍ 2016 മാര്‍ച്ച് 11 മുതല്‍ 13 വരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ലോക സാംസ്കാരിക ഉത്സവത്തിനായി യമുനാതീരം നശിപ്പിച്ചതായി ജലവിഭവമന്ത്രാലയം സെക്രട്ടറി ശശിശേഖറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.

യമുനാതീരം മുമ്പുണ്ടായിരുന്നതുപോലെ ആകാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നും 13.29 കോടി രൂപയുടെ നാശനഷ്ടമാണ് ആകെ ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യമുനാതീരത്തിന് സംഭവിച്ച ആഘാതങ്ങള്‍ കണക്കിലെടുത്താല്‍ ഫൌണ്ടേഷനില്‍നിന്ന് 120 കോടിയെങ്കിലും പിഴ ഈടാക്കണമെന്ന് വിദഗ്ധസമിതി നേരത്തെ ശുപാര്‍ശചെയ്തിരുന്നു. ഇടക്കാല പിഴയെന്ന നിലയില്‍ അഞ്ചുകോടി രൂപ കെട്ടിവയ്ക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഉള്‍പ്പടെയുള്ളവര്‍ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അവസാനനിമിഷം പിന്‍വാങ്ങി.