21 September Friday

കനയ്യയിൽ നിന്ന്‌ പിഴ ഈടാക്കാനുള്ള ജെഎൻയു അധികൃതരുടെ നീക്കം ഹൈക്കോടതി തടഞ്ഞു

സ്വന്തം ലേഖകൻUpdated: Friday Jul 20, 2018

ന്യൂഡൽഹി > ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിൽനിന്ന് പിഴ ഈടാക്കാനുള്ള സർവകലാശാലയുടെ നീക്കം ഡൽഹി ഹൈക്കോടതി തടഞ്ഞു. സർവകലാശാലയുടെ നടപടി നിയമ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടപെടൽ. ആരോപണവിധേയർക്ക് വിശദീകരണം നൽകുന്നതിന് ന്യായമായ അവസരം നൽകിയശേഷം തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അച്ചടക്ക ലംഘനം ആരോപിച്ച് കനയ്യ കുമാറിൽനിന്ന് 10000 രൂപ പിഴ ഈടാക്കാനുള്ള സർവകലാശാലയുടെ തീരുമാനം ഉന്നതതല അന്വേഷണ സമിതിയും അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് കനയ്യകുമാർ കോടതിയെ സമീപിച്ചത്. വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ താൽക്കാലികമായി പുറത്താക്കാനും 13 വിദ്യാർഥികൾക്ക് പിഴ ഈടാക്കാനുമായിരുന്നു സർവകലാശാലയുടെ തീരുമാനം.

ഇതിനെതിരെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ വിഷയം ഉന്നതതല അന്വേഷണ സമിതി പരിഗണിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. നടപടി ശരിവെച്ച സമിതി ചിലരുടെ പിഴ തുക കുറച്ചിരുന്നു. അഫ്‌സൽഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി. സംഭവത്തിൽ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top