17 October Wednesday

റാഫേൽ ഇടപാട്‌: സത്യം മറച്ചുപിടിക്കുന്ന പ്രധാനമന്ത്രി ‘തട്ടിപ്പുകളിലെ പങ്കാളി’യെന്ന്‌ രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻUpdated: Friday Jul 20, 2018

ന്യൂഡൽഹി> റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രതിരോധമന്ത്രി നിർമല സീതാരാമനും രാജ്യത്തിനു മുന്നിൽ സത്യം മറച്ചുപിടിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. രാജ്യത്തിന്റെ 'കാവൽക്കാരൻ' എന്ന് സ്വയം അവകാശപ്പെടുന്ന പ്രധാനമന്ത്രി മോഡി ഫലത്തിൽ 'തട്ടിപ്പുകളിലെ പങ്കാളി' എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. 1520 വൻകിട ബിസിനസ്സുകാർക്കുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും രാഹുൽഗാന്ധി ലോക്‌സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പറഞ്ഞു.

ഫ്രാൻസുമായുള്ള റാഫേൽ യുദ്ധവിമാന ഇടപാടിൽ 45,000 കോടി രൂപയെങ്കിലും യുപിഎ കാലത്തുണ്ടാക്കിയ പ്രാഥമികകരാറിനെക്കാൾ അധികചെലവുണ്ട്. 35,000 കോടി രൂപയുടെ കടത്തിലായിരുന്ന, പ്രധാനമന്ത്രിയുടെ ചങ്ങാതിയായ വ്യവസായിക്കാണ്  ഇതിന്റെ നേട്ടം. വിമാനത്തിന്റെ വില പ്രാഥമികകരാറിനെ അപേക്ഷിച്ച് മൂന്നിരട്ടിയായി. ഇതിന്റെ വിശദാംശങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. റാഫേൽ ഇടപാടിനു മന്ത്രിസഭയുടെ സുരക്ഷകാര്യസമിതിയുടെ അനുമതി വാങ്ങിയിരുന്നോ?  കരാർവ്യവസ്ഥകൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ഫ്രാൻസുമായി ധാരണയുണ്ടെന്ന് പ്രതിരോധമന്ത്രി പറയുന്നു. എന്നാൽ ഇത്തരം ധാരണയൊന്നുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞുവെന്ന് രാഹുൽഗാന്ധി വെളിപ്പെടുത്തി. അതേസമയം, എ കെ ആന്റണിയുടെ കാലത്തുണ്ടാക്കിയ കരാറിൽ വ്യവസ്ഥകൾ രഹസ്യമാക്കിവയ്ക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ടെന്ന് മന്ത്രി നിർമല സീതാരാമൻ പിന്നീട് വിശദീകരിച്ചു.

തട്ടിപ്പാണ് മോഡിസർക്കാരിന്റെ മുഖമുദ്ര. കള്ളപ്പണം തിരിച്ചുകൊണ്ടുവരും, വർഷം രണ്ട് കോടിപേർക്ക്  തൊഴിൽ ലഭ്യമാക്കും, കർഷകർക്ക് ന്യായവില ഉറപ്പാക്കും എന്നീ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. 201617ൽ നാല് ലക്ഷം പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. ചൈനയിൽ 24 മണിക്കൂറിൽ 50,000 പേർക്ക് തൊഴിൽ ലഭിക്കുമ്പോൾ ഇന്ത്യയിൽ 400 പേർക്ക് മാത്രമാണ് തൊഴിൽ കിട്ടുന്നത്.  ലോകമെമ്പാടും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമ്പോൾ ഇന്ത്യയിൽ വിലകൾ കുതിച്ചുയരുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ വ്യവസായികളെ സഹായിക്കാൻ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജിയോ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രചാരണചെലവിനുവേണ്ട കോടികൾ എവിടെനിന്നാണ് വരുന്നത്?

ലോകത്തുതന്നെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറി. ചരിത്രത്തിൽ ആദ്യമായാണ് ഈ സ്ഥിതി. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും സ്ത്രീകളും ആക്രമിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി മൗനത്തിലാണ്. ഇവരാരും ഇന്ത്യക്കാരല്ലേ? രാജ്യത്തിന്റെ ഭരണഘടനയ്ക്കുനേരെയും ആക്രമണം നടക്കുകയാണ്. മന്ത്രിമാർ തന്നെ ഭരണഘടനയ്‌ക്കെതിരെ സംസാരിക്കുന്നു - രാഹുൽഗാന്ധി പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top