Top
27
Saturday, May 2017
About UsE-Paper

മോഡി പറഞ്ഞത് ഒരുകോടി സൃഷ്ടിച്ചത് 2.33 ലക്ഷം മാത്രം

Saturday May 20, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > സംഘടിതമേഖലയിലെ വ്യാപകമായ തൊഴില്‍നഷ്ടവും പുതിയ തൊഴില്‍സൃഷ്ടിയിലെ ഇടിവും നാലാംവര്‍ഷത്തിലേക്ക് കടക്കുന്ന മോഡിസര്‍ക്കാരിന് വലിയ പ്രതിസന്ധിയാകുന്നു. പുതിയ തൊഴില്‍സൃഷ്ടി എട്ടുവര്‍ഷ കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 40 ലക്ഷത്തോളംപേര്‍ തൊഴിലെടുക്കുന്ന ഐടി- ബിപിഒ മേഖലയില്‍ കുറഞ്ഞത് 50 ശതമാനംപേര്‍ക്കെങ്കിലും അടുത്ത രണ്ടുമൂന്ന് വര്‍ഷകാലയളവില്‍ തൊഴില്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നു.

പ്രതിവര്‍ഷം കുറഞ്ഞത് ഒരുകോടി പുതിയ തൊഴിലുകളെങ്കിലും സംഘടിതമേഖലയില്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലയളവില്‍ നരേന്ദ്ര മോഡി അവകാശപ്പെട്ടത്. അധികാരത്തിലെത്തിയശേഷമുള്ള മൂന്നുവര്‍ഷ കാലയളവില്‍ തൊഴില്‍സൃഷ്ടിയില്‍ വര്‍ധന വന്നില്ല. തുടര്‍ച്ചയായ ഇടിവാണ് സംഭവിച്ചത്.

സംഘടിതമേഖലയില്‍ രാജ്യത്ത് ഓരോ വര്‍ഷവും പുതിയതായി സൃഷ്ടിക്കുന്ന തൊഴിലുകളുടെ കണക്കെടുക്കുന്നതിനായി എട്ട് മേഖലകളെയാണ് തൊഴില്‍ബ്യൂറോ ആശ്രയിക്കുന്നത്. ടെക്സ്റ്റൈല്‍സ്, തുകല്‍, ലോഹം, ഓട്ടോമൊബൈല്‍, രത്നങ്ങളും ആഭരണങ്ങളും, ഗതാഗതം, ഐടി-ബിപിഒ, കൈത്തറി എന്നീ മേഖലകളാണിവ. പുതിയ തൊഴില്‍സൃഷ്ടി തുടര്‍ച്ചയായി ഇടിഞ്ഞതോടെ കണക്കെടുപ്പുരീതിയില്‍ മോഡിസര്‍ക്കാര്‍ മാറ്റംവരുത്തി. തൊഴില്‍സൃഷ്ടി ഊതിപ്പെരുപ്പിക്കാനായി വിദ്യാഭ്യാസം, ആരോഗ്യം, റസ്റ്റോറന്റുകള്‍ എന്നീ മൂന്ന് സേവന മേഖലകളെക്കൂടി ഉള്‍പ്പെടുത്തി. ഈ മേഖലകള്‍ പ്രതിവര്‍ഷം 7-8 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ട്. ഈ വളര്‍ച്ചയുംകൂടി പുതിയ തൊഴില്‍സൃഷ്ടിയില്‍ ഉള്‍പ്പെടുത്തി മുഖംരക്ഷിക്കുകയാണ് സര്‍ക്കാര്‍.

2015ല്‍ എട്ട് മേഖലകളിലായി 1.55 ലക്ഷം പുതിയ തൊഴിലുകള്‍മാത്രമാണ് സൃഷ്ടിച്ചത്. പുതിയതായി മൂന്ന് മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടും 2016ലെ തൊഴില്‍സൃഷ്ടി 2.31 ലക്ഷം മാത്രമാണ്. 2009ല്‍ പത്തുലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിച്ച സ്ഥാനത്താണ് 2015ല്‍ 1.55 ലക്ഷത്തിലേക്ക് പുതിയ തൊഴിലുകളുടെ സൃഷ്ടി ഇടിഞ്ഞത്.

അധികാരത്തില്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴും തൊഴില്‍രഹിതവളര്‍ച്ചയെന്ന അപകടകരമായ പ്രതിഭാസത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഒരു പദ്ധതിയും സര്‍ക്കാരിനില്ല. ഐടി- ബിപിഒ രംഗത്തെ വ്യാപകമായ പിരിച്ചുവിടല്‍ സര്‍ക്കാരിന് വെല്ലുവിളിയാണ്. വിപ്രോ, ഇന്‍ഫോസിസ്, കോഗ്നിസന്റ് തുടങ്ങിയ വമ്പന്‍ ഐടി സ്ഥാപനങ്ങളെല്ലാം കൂട്ട പിരിച്ചുവിടലിനാണ് ഒരുങ്ങുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് അടുത്തിടെ 6000 പേരെയാണ് പിരിച്ചുവിട്ടത്. വിപ്രോയില്‍ ആയിരംപേര്‍ തൊഴില്‍രഹിതരായി.