Top
27
Saturday, May 2017
About UsE-Paper

വെനസ്വേലന്‍ സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമം: സിപിഐ എം അപലപിച്ചു

Saturday May 20, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > വെനസ്വേലയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാമ്രാജ്യത്വശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ സിപിഐ എം അപലപിച്ചു. വെനസ്വേലയിലെ പൊരുതുന്ന ജനങ്ങള്‍ക്ക് സിപിഐ എം ഐക്യദാര്‍ഢ്യം പ്രകടമാക്കുന്നതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഒരു രാജ്യത്തിനും അവകാശമില്ല. തങ്ങളുടെ സര്‍ക്കാരിനെയും സാമൂഹിക സംവിധാനത്തെയും തെരഞ്ഞെടുക്കാനുള്ള അവകാശം ആ രാജ്യത്തെ പൌരന്മാര്‍ക്കാണ്.

തങ്ങളുടെ പിന്നാമ്പുറമായി അമേരിക്ക കണക്കാക്കുന്ന ലാറ്റിനമേരിക്കയില്‍ ഒട്ടനവധി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നത് വസ്തുതയാണ്.

ജനാധിപത്യത്തിന് ഭീഷണിയാണ് വെനസ്വേലയെന്ന് അന്യായമായി പ്രഖ്യാപിച്ച അമേരിക്ക മഡുറോ സര്‍ക്കാരിനെതിരായ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ആഹ്വാനം നല്‍കിയുള്ള പ്രമേയം പാസാക്കുകയും ചെയ്തു. വെനസ്വേലയ്ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.  എണ്ണപ്രഭുക്കളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വെനസ്വേലയ്ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.

വെനസ്വേല സര്‍ക്കാര്‍ സംഭാഷണങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചെങ്കിലും പ്രതിപക്ഷം നിരാകരിച്ചു. രാജ്യത്ത് സമാധാനം പുലരുന്നതിന് ഇടപെടല്‍ നടത്താന്‍ മാര്‍പാപ്പപോലും സന്നദ്ധത അറിയിച്ചതാണ്. എന്നാല്‍, എല്ലാതരത്തിലുള്ള സംഭാഷണങ്ങളെയും പ്രതിപക്ഷം നിരാകരിക്കുകയാണ്. മാത്രമല്ല അര്‍ധസേനകളെയും സായുധരായ അക്രമികളെയും ഉപയോഗപ്പെടുത്തി അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. തെരുവിലെ അക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ പരാജയമാണെന്ന് വരുത്താനും വിദേശ ഇടപെടലിന് സാഹചര്യമൊരുക്കാനുമാണ് ശ്രമം.

ഈ പശ്ചാത്തലത്തില്‍ എല്ലാ അട്ടിമറിശ്രമങ്ങളെയും സിപിഐ എം അപലപിക്കുകയാണ്. വിദേശ ഇടപെടലിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. സാമ്രാജ്യത്വവിരുദ്ധരും സ്വാതന്ത്യ്രം ഇഷ്ടപ്പെടുന്നവരുമായ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കുംവേണ്ടി വെനസ്വേലയിലെ പൊരുതുന്ന ജനങ്ങള്‍ക്ക് സിപിഐ എം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു- യെച്ചൂരി പറഞ്ഞു.