Top
27
Saturday, May 2017
About UsE-Paper

സുപ്രീംകോടതിയെ ചോദ്യംചെയ്ത് കേന്ദ്ര സര്‍ക്കാര്‍

Saturday May 20, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരായ ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കാന്‍ തീരുമാനിച്ച സുപ്രീംകോടതി തീരുമാനത്തെ ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍. പതിനേഴോളം സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സാമൂഹ്യപ്രവര്‍ത്തകരായ ശാന്തസിന്‍ഹയും കല്യാണിസെന്‍ മേനോനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ എ എം ഖാന്‍വിലാക്കറിന്റെ ബെഞ്ച് മുമ്പാകെയാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍റോഹ്തഗി കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയത്.

ആധാറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാബെഞ്ചിലേക്ക് പുതിയ ഹര്‍ജികളും വിടാനാണ് നേരത്തെ ജസ്റ്റിസ് എ കെ സിക്രിയുടെ ബെഞ്ച് തീരുമാനിച്ചത്. എന്നാല്‍, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ലക്ഷക്കണക്കിന് പൌരന്മാരെ ബാധിക്കുന്ന വിഷയമാണെന്നും വിഷയത്തില്‍ അടിയന്തരവാദംകേട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് ചീഫ് ജസ്റ്റിസ്് ഹര്‍ജികള്‍ ജസ്റ്റിസ് എ എം ഖാന്‍വിലാക്കര്‍, നവീന്‍സിന്‍ഹ എന്നിവര്‍ അംഗങ്ങളായ ബെഞ്ചിന് വിടുകയായിരുന്നു. പുതിയ ഹര്‍ജികളില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളിലെ വാദങ്ങള്‍തന്നെയാണ് ഉന്നയിച്ചിട്ടുള്ളതെന്നും ഭരണഘടനാബെഞ്ച് തന്നെയാണ് ഈ ഹര്‍ജികളും പരിഗണിക്കേണ്ടതെന്നും എജി വാദിച്ചു.

നേരത്തെ സമര്‍പ്പിച്ച ചില ഹര്‍ജികളില്‍ കോടതി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവ സര്‍ക്കാര്‍തന്നെ ലംഘിച്ച സാഹചര്യത്തിലാണ് പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാംദിവാന്‍ ചൂണ്ടിക്കാണിച്ചു. ജൂണ്‍ 30നുള്ളില്‍ ആധാറിന് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം.  ഇരുകക്ഷികളുടെയും വാദങ്ങള്‍ രേഖപ്പെടുത്തിയ കോടതി കേസ് ജൂണ്‍ 27ലേക്ക് മാറ്റി.