Top
23
Saturday, September 2017
About UsE-Paper

പീഡനശ്രമം: പരാതി നല്‍കിയ ജീവനക്കാരിയെ പുറത്താക്കി

Saturday Aug 19, 2017
വെബ് ഡെസ്‌ക്‌


ന്യൂഡല്‍ഹി > ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജീവനക്കാരിയെ പുറത്താക്കി. വിമാനത്താവളത്തിനടുത്തുള്ള പഞ്ചനക്ഷത്രഹോട്ടലിലെ സെക്യൂരിറ്റി മാനേജര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുണ്ടായിട്ടും പരാതി നല്‍കിയ ജീവനക്കാരിയെ അധികൃതര്‍ പിരിച്ചുവിടുകയായിരുന്നു. സെക്യൂരിറ്റി മാനേജര്‍ ബലംപ്രയോഗിച്ച് ജീവനക്കാരിയുടെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഇതേത്തുടര്‍ന്ന് സെക്യൂരിറ്റി മാനേജറെ അറസ്റ്റുചെയ്തു. സെക്യൂരിറ്റി മാനേജറെ സസ്പെന്‍ഡ് ചെയ്തതായി ഹോട്ടല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സെക്യൂരിറ്റി മാനേജര്‍ യുവതിയെ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അന്നേദിവസം യുവതിയുടെ ജന്‍മദിനമായതിനാല്‍ എന്ത് സമ്മാനം വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്ന് ഇയാള്‍ പറഞ്ഞു. യുവതി മുറിക്ക് പുറത്ത് കടക്കാന്‍ ശ്രമിച്ചതോടെ അക്രമാസക്തനായ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ സഹിതം യുവതി എയര്‍പോര്‍ട്ട് പൊലീസിന് പരാതി നല്‍കി. ഹോട്ടലിന്റെ എച്ച്ആര്‍ വിഭാഗത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്ത സെക്യൂരിറ്റി മാനേജറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുമ്പും ഇയാള്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം യുവതിക്ക് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയ സുഹൃത്തുകൂടിയായ ജീവനക്കാരനെയും ഹോട്ടലില്‍നിന്നും പുറത്താക്കിയതായും ആക്ഷേപമുണ്ട്.

Related News

കൂടുതൽ വാർത്തകൾ »