20 September Thursday

എസ്‌‌ബിഐ ലയന ബില്ലിന് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ന്യൂഡൽഹി > സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം ആറ‌് സ്റ്റേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കുന്നതിന് അനുമതി നൽകിയുള്ള ബില്ലിന് രാജ്യസഭാ അംഗീകാരം. ലോക്സഭ നേരത്തെ പാസാക്കിയിട്ടുള്ള ബില്ലിന് ഇതോടെ പാർലമെന്റിന്റെ അംഗീകാരമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപബാങ്ക് നിയമം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് നിയമം എന്നിവ പിൻവലിച്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിൽ ഭേദഗതി വരുത്തിയുള്ളതുമാണ് സ്റ്റേറ്റ് ബാങ്ക് ബിൽ 2017.

ബാങ്ക് ലയനങ്ങളുടെ വരുംവരായ്കകൾ സഭയിൽ ചർച്ചചെയ്യാനുള്ള അവസരമുണ്ടായില്ലെന്ന് കെ കെ രാഗേഷ് എംപി ചർച്ചയിൽ പറഞ്ഞു. ലയനകാരണങ്ങൾ സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.  കിട്ടാക്കടത്തിന്റെ 90 ശതമാനവും കോർപറേറ്റുകളുടേതാണ്. എന്നാൽ, സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് നിക്ഷേപകരിൽനിന്ന് പിഴ ഈടാക്കിക്കൊണ്ടാണ്. എസ്ബിഐമാത്രം 1771 കോടി രൂപ പിഴയായി ഈടാക്കി. ലയനത്തിന്റെ ഭാഗമായി 10,584 തസ്തിക വെട്ടിക്കുറയ്ക്കപ്പെട്ടതായാണ് മാധ്യമ റിപ്പോർട്ടുകൾ. വിരമിക്കുന്ന ജീവനക്കാർക്കു പകരം പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല.  എത്ര ബാങ്ക് ശാഖകൾ ലയനത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയെന്ന് വ്യക്തമാക്കണം. റിപ്പോർട്ടുകൾ പ്രകാരം അസോസിയറ്റ് ബാങ്കുകളുടെ 1000 ശാഖ പൂട്ടിയതായി അറിയുന്നു. ‐ രാഗേഷ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top