Top
27
Saturday, May 2017
About UsE-Paper

റെയ്‌ഡിന് പിന്നാലെ കാര്‍ത്തി ചിദംബരം ലണ്ടനില്‍

Friday May 19, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്‌ഡ്‌ നടക്കുന്നതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ലണ്ടനിലേക്ക് പോയി. റെയ്ഡിന് പിന്നാലെ കാര്‍ത്തി വിദേശത്തേക്ക് പോയത് അറസ്റ്റ് ഭയന്നാണെന്നും ആരോപണമുണ്ട്. എന്നാല്‍ കാര്‍ത്തി വിദേശത്തേക്ക് പോയത് മുന്‍ നിശചയിച്ച പ്രകാരമാണെന്നും ഇതില്‍ അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും പിതാവ് പി ചിദംബരം വ്യക്തമാക്കി.

വളരെ നേരത്തെ നിശ്ചയിച്ചതായിരുന്നു യാത്ര ടിക്കറ്റുകളും എടുത്തിരുന്നു. അദ്ദേഹത്തിന് യാതൊരുവിധത്തിലുള്ള യാത്രാ വിലക്കുകളും ഇല്ല. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ത്തി മടങ്ങിയെത്തുമെന്നും ചിദംബരം പറഞ്ഞു.  കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡും (സിബിഡിറ്റി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയായിരുന്നു.  ഷീല ബോറ വധക്കേസിലെ പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ഉടമകളായ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനത്തില്‍നിന്ന് കാര്‍ത്തിക്ക് ലഭിച്ച ഫണ്ടുകളെ തുറന്നാണ് കേന്ദ്ര ഏജന്‍സികള്‍ കാര്‍ത്തിയുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തത്.

വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) മാനദണ്ഡങ്ങള്‍ ലംഘിച്ച് 305 കോടി രൂപയുടെ വിദേശ നിക്ഷേപം 2007ല്‍ ഐഎന്‍എക്സ് മീഡിയക്ക് ലഭിച്ചിരുന്നു. 4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനായിരുന്നു ഐഎന്‍എക്സ് മീഡിയക്ക് എഫ്ഐപിബി അനുമതി നല്‍കിയിരുന്നത്. എന്നാല്‍, മൌറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നായി 305 കോടി രൂപ ഐഎന്‍എക്സ് സമാഹരിച്ചു. കമ്പനികളുടെ ഓഹരികള്‍ ഓഹരിയൊന്നിന് 800 രൂപ നിരക്കില്‍ വിറ്റായിരുന്നു ധനസമാഹരണം.
തങ്ങള്‍ അനുവദിച്ചതിന്റെ പലമടങ്ങ് തുക ഐഎന്‍എക്സ് വിദേശനിക്ഷേപമായി സ്വീകരിച്ചുവെന്ന് 2008ല്‍ എഫ്ഐപിബി കണ്ടെത്തി. തുടര്‍ന്ന് ഐഎന്‍എക്സിന് നോട്ടീസ് അയച്ചു. ഈ ഘട്ടത്തില്‍ സഹായംതേടി ഇന്ദ്രാണിയും പീറ്ററും കാര്‍ത്തിയെ സമീപിക്കുകയായിരുന്നു. കാര്‍ത്തി ഡയറക്ടറായിട്ടുള്ള ചെസ് മാനേജ്മെന്റ് സര്‍വീസസ് എന്ന കമ്പനി ചില ഉപദേശ നിര്‍ദേശങ്ങള്‍ ഐഎന്‍എക്സിന് കൈമാറി.

കാര്‍ത്തിയുടെ കമ്പനി വിഷയത്തില്‍ ഇടപെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ എഫ്ഐപിബി നിലപാട് മയപ്പെടുത്തി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടും നടപടികളിലേക്ക് കടക്കുന്നതിന് പകരം കൂടുതല്‍ വിദേശനിക്ഷേപത്തിന് അനുമതി തേടി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ എഫ്ഐപിബി നിര്‍ദേശിച്ചു. കാര്‍ത്തിയുടെ സഹായത്തിന് പകരമായി മൂന്നരക്കോടി രൂപ ഐഎന്‍എക്സ് കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് കമ്പനിക്കാണ് തുക കൈമാറിയത്.