17 December Monday

മിസോറമിൽ മദ്യമാണ‌് വിഷയം

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

ന്യൂഡൽഹി
കോൺഗ്രസ് അധികാരത്തിൽ തുടരുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ മദ്യമാണ‌് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. ലാൽ തൻഹാവ‌്‌ലയുടെ നേതൃത്വത്തിലുള്ള സർക്കാർ 18 വർഷമായുള്ള പൂർണ മദ്യനിരോധനം 2015ൽ പിൻവലിച്ചു. ക്രൈസ‌്തവ ഭൂരിപക്ഷ സംസ്ഥാനത്ത‌് ഇതിനെതിരെ സഭകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണുള്ളത‌്. വരുമാനം കണ്ടെത്താനുള്ള മാർഗമായാണ‌് കോൺഗ്രസ‌് സർക്കാർ മദ്യനിരോധനം പിൻവലിച്ചത‌്. വ്യാജമദ്യം തടയുകയും ലക്ഷ്യമാണെന്ന‌് മുഖ്യമന്ത്രി പറയുന്നു.

ബാറുകളും മദ്യക്കടകളും തുറന്ന സർക്കാർ 21 വയസ്സുകഴിഞ്ഞവർക്ക‌് നിശ്ചിത പരിധിയിൽ മദ്യം വാങ്ങാൻ കാർഡുകൾ വിതരണംചെയ‌്തു. 500 രൂപ ഫീസ‌് നൽകി കാർഡ‌് വാങ്ങുന്നവർക്ക‌് മാസം ആറ‌് കുപ്പി മദ്യവും 12 കുപ്പി ബിയറും വാങ്ങാം. വാർഷിക വരിസംഖ്യയായി 300 രൂപയും കൊടുക്കണം. നിലവിൽ സംസ്ഥാനത്ത‌് 30 മദ്യക്കടകളും രണ്ടുബാറുകളുമുണ്ട‌്. മദ്യനയം കോൺഗ്രസ‌് തുടരുമെന്ന‌് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പൂർണ മദ്യനിരോധനം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ‌് മിസോറം പീപ്പിൾസ് മൂവ്മെന്റ‌്, മിസോ നാഷണൽ ഫ്രണ്ട‌് എന്നീ പ്രദേശിക പാർടികൾ രംഗത്തുള്ളത‌്. ഭരണം പിടിക്കാനുള്ള ശ്രമം ശക്തമാക്കി ബിജെപിയും. ബിജെപി കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത‌് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനാണെന്ന‌് കോൺഗ്രസ‌് ആരോപിച്ചിരുന്നു.

ന്യൂനപക്ഷ വിരുദ്ധരായ ബിജെപി പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുകയാണെന്ന‌് ലാൽ തൻഹാവ‌്‌ലയും പറയുന്നു. ക്രൈസ‌്തവ വിഭാഗത്തിനും മറ്റ‌് മതന്യൂനപക്ഷങ്ങൾക്കുമിടയിൽ വിദ്വേഷം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുകയാണ‌്. ക്രിസ‌്മസ‌് ദിനത്തിൽ സത‌്ഭരണ ദിനം ആഘോഷിക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാരിന്റെ നിലപാട‌് വെല്ലുവിളിയാണെന്നും ലാൽ തൻഹാവ‌്‌ല പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top